ത്രിവര്‍ണ പതാകയ്ക്ക് പകരം കാവിക്കൊടി ദേശീയ പതാകയാകും; ഇന്ത്യ ഹിന്ദു രാഷ്ട്രമാകും: വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

എല്ലായിടത്തും തങ്ങള്‍ കാവി പതാക ഉയര്‍ത്തുമെന്നും ഇന്നോ അല്ലെങ്കില്‍ നാളെയോ ഇന്ത്യ ഒരു ഹിന്ദു രാജ്യമായി മാറുമെന്നും ഈശ്വരപ്പ പറഞ്ഞു.
കര്‍ണാടകയില്‍ ഹിജാബ് വിരുദ്ധ പ്രകടനത്തിനിടെ ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ കാവിക്കൊടി കെട്ടിയപ്പോള്‍
കര്‍ണാടകയില്‍ ഹിജാബ് വിരുദ്ധ പ്രകടനത്തിനിടെ ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍ കാവിക്കൊടി കെട്ടിയപ്പോള്‍

ബെംഗളൂരു: ഭാവിയില്‍ ത്രിവര്‍ണ പതാകക്ക് പകരം കാവിക്കൊടി ദേശീയ പതാകയായി മാറുമെന്ന് കര്‍ണാടക ഗ്രാമീണ വികസന പഞ്ചായത്ത് രാജ് മന്ത്രി കെ എസ് ഈശ്വരപ്പ. എല്ലായിടത്തും തങ്ങള്‍ കാവി പതാക ഉയര്‍ത്തുമെന്നും ഇന്നോ അല്ലെങ്കില്‍ നാളെയോ ഇന്ത്യ ഒരു ഹിന്ദു രാജ്യമായി മാറുമെന്നും ഈശ്വരപ്പ പറഞ്ഞു. ദേശീയ പതാക ഉയര്‍ത്തുന്ന കൊടിമരത്തില്‍, സംഘപരിവാര്‍ അനുകൂലികള്‍ കാവി പതാക ഉയര്‍ത്തിയ സംഭവത്തിലായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസ്താവന.

'അടുത്ത നൂറുവര്‍ഷത്തിനോ ഇരുനൂറു വര്‍ഷത്തിനോ അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തിനോ ഇടയില്‍ ദേശീയപതാകയായി കാവി പതാക മാറും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രാമനും ഹനുമാനുമൊക്കെ അവരുടെ രഥത്തില്‍ കാവി പതാക ഉപയോഗിച്ചിരുന്നില്ലേ?. ഭാവിയിലും ഇത് സംഭവിക്കില്ലെന്ന് ആര്‍ക്കറിയാം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് പറഞ്ഞപ്പോള്‍ ജനങ്ങള്‍ ഞങ്ങളെ നോക്കി ചിരിച്ചില്ലേ. എന്നാല്‍, അത് ഇപ്പോള്‍ സാധ്യമാക്കിയില്ലെ?' ഈശ്വരപ്പ പറഞ്ഞു.

എല്ലായിടത്തും കാവി പതാക ഉയര്‍ത്തും. ഇന്നോ നാളെയോ ഇന്ത്യ ഹിന്ദു രാജ്യമാകും. ചെങ്കോട്ടയിലും കാവി പതാക ഉയര്‍ത്തുമെന്നും ഈശ്വരപ്പ പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനൊപ്പം ത്രിവര്‍ണ പതാകയാണ് ഇപ്പോള്‍ നമ്മുടെ ദേശീയ പതാകയെന്നും അതിനെ ബഹുമാനിക്കാത്തവര്‍ ആരായാലും അവര്‍ രാജ്യദ്രോഹികളാണെന്നും ഈശ്വരപ്പ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com