പെൺകുട്ടിയോട് 'ഐ ലവ് യു' എന്ന് ഒരു തവണ പറയുന്നത് പോക്സോ കുറ്റമല്ല- കോടതി

പെൺകുട്ടിയോട് 'ഐ ലവ് യു' എന്ന് ഒരു തവണ പറയുന്നത് പോക്സോ കുറ്റമല്ല- കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് 'ഐ ലവ് യു' എന്ന് ഒരു തവണ പറഞ്ഞാൽ അത് പോക്സോ പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന് കോടതി. ഗ്രേറ്റർ മുംബൈയിലെ പ്രത്യേക കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 17കാരിയായ പെൺകുട്ടിയോട് ഒരു തവണ എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞ 23കാരന് എതിരായ പോക്‌സോ കേസ് റദ്ദാക്കിക്കൊണ്ട് സ്പെഷ്യൽ ജഡ്ജി കൽപന പാട്ടീലാണ് വിധി പ്രസ്താവിച്ചത്. ഒരു തവണ ഐ ലവ് യു എന്നു പറയുന്നത് പോക്‌സോ നിയമ പ്രകാരമുള്ള ലൈംഗിക കുറ്റകൃത്യമല്ലെന്ന് കോടതി നിരീക്ഷിച്ചു.

അയൽവാസിയായ യുവാവിനെതിരെ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. യുവാവിന് എതിരെ പോക്‌സോ നിയമത്തിലെ 12ാം വകുപ്പ് പ്രകാരവും, ഇന്ത്യൻ ശിക്ഷ നിയമത്തിലെ 509, 506 വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

വീടിന് അടുത്തുള്ള പൊതു ശുചിമുറി ഉപയോഗിക്കാൻ പെൺകുട്ടി പോയപ്പോഴാണ് യുവാവ് തന്റെ പ്രണയം പറഞ്ഞത്. യുവാവ് ഇങ്ങനെ പറഞ്ഞ കാര്യം പെൺകുട്ടി അമ്മയോട് പറഞ്ഞു. യുവാവിനോട് അമ്മ കാര്യങ്ങൾ തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. നേരത്തെ തന്റെ മകളെ യുവാവ് സൈറ്റ് അടിക്കാറുണ്ടായിരുന്നെന്നും പെൺകുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞിരുന്നു.

ഒരു തവണ ഇഷ്ടമാണെന്ന് പറയുന്നത് പെൺകുട്ടിയുടെ മാനം നശിപ്പിക്കുന്നതിന് വേണ്ടിയാണെന്ന് കണക്കാക്കാൻ ആകില്ല. ഇഷ്ടം പ്രകടിപ്പിച്ചതായി മാത്രമേ കണക്കാക്കാൻ സാധിക്കൂവെന്നും കോടതി അഭിപ്രായപ്പെട്ടു. സൈറ്റ് അടിച്ചു എന്നതിന് തെളിവ് ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com