പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോക്ക്ഡൗണ്‍ സമയത്ത് 3500 കല്യാണങ്ങള്‍ 'നടത്തി', വ്യാജ രേഖ ഉണ്ടാക്കി 18 കോടി തട്ടി; ഉദ്യോഗസ്ഥന്‍ കുടുങ്ങി 

ആയിരക്കണക്കിന് കല്യാണങ്ങള്‍ നടത്തിയതായി വ്യാജ രേഖയുണ്ടാക്കി സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍

ഭോപ്പാല്‍: ആയിരക്കണക്കിന് കല്യാണങ്ങള്‍ നടത്തിയതായി വ്യാജ രേഖയുണ്ടാക്കി സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടയിലാണ് തട്ടിപ്പ് നടന്നതെന്നാണ്് റിപ്പോര്‍ട്ട്.

മധ്യപ്രദേശിലെ സിറോണ്‍ജിലാണ് സംഭവം. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ശോഭിത് ത്രിപാദിയാണ് അറസ്റ്റിലായത്. 3500 കല്യാണങ്ങള്‍ നടത്തി കൊടുത്തതായി വ്യാജരേഖ ഉണ്ടാക്കി 18.52 കോടി രൂപയാണ് തട്ടിയെടുത്തത്. വിവാഹവുമായി ബന്ധപ്പെട്ട് ആനുകൂല്യം നല്‍കുന്ന  സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നാണ് പണം തട്ടിയെടുത്തതെന്ന് പൊലീസ് പറയുന്നു.

ശൈത്യകാല സമ്മേളനത്തിനിടെ ഭരണകക്ഷി എംഎല്‍എയായ ഉമാകാന്ത് ശര്‍മ്മയാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. ശിവരാജ് സിങ് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയുടെ അടുത്ത ബന്ധുവാണ് ത്രിപാദി. കേസില്‍ മധ്യപ്രദേശ് പൊലീസിലെ സാമ്പത്തിക കുറ്റകൃത്യം തടയുന്ന വിഭാഗമാണ് ത്രിപാദിക്കെതിരെ എഫ്‌ഐആര്‍ രജിസ്‌ററര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.

മാര്‍ച്ച് 2020ന് ശേഷമാണ് തട്ടിപ്പ് നടന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ തുടരുന്നതിനിടെയാണ് ത്രിപാദി തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. വലിയ രീതിയിലുള്ള വിവാഹങ്ങള്‍ നിരോധിച്ചിരുന്ന സമയത്ത് 3500 കല്യാണങ്ങള്‍ നടത്തി എന്നാണ് വ്യാജരേഖ ഉണ്ടാക്കിയത്. 

2020 ഏപ്രില്‍ മുതല്‍ 2021 ജൂണ്‍ വരെയുള്ള കാലയളവില്‍ ഇത്രയുമധികം കല്യാണങ്ങള്‍ നടത്തിയതായി കാണിച്ച് 18.52 കോടി രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കുന്ന  പദ്ധതിയില്‍ നിന്നാണ് പണം തട്ടിയെടുത്തത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ വിവാഹത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയില്‍ നിന്നാണ് പണം വെട്ടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com