ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ വന്‍ വര്‍ധന. ഇരുപത്തിനാലുമണിക്കൂറിനിടെ 20,139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 38 പേര്‍ മരിച്ചു. 16,482 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
സജീവരോഗികളുടെ എണ്ണം 1,36,076 ആയി. കഴിഞ്ഞദിവസത്തെക്കോള്‍ രോഗികളുടെ എണ്ണത്തില്‍ 19 ശതമാനമാണ് വര്‍ധന. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.10ശതമാനമായി ഉയര്‍ന്നു. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,25557 ആയപ്പോള്‍ രോഗമുക്തി നേടിയവരുടെ എണ്ണം 4,30,28356 ആയി.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ തീരുമാനപ്രകാരം 18 നും 59നും ഇടയ്ക്കു പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് വാക്‌സീന്റെ കരുതല്‍ ഡോസ് നാളെ മുതല്‍ 75 ദിവസം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍നിന്നു സൗജന്യമായി നല്‍കി തുടങ്ങും. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ചാണിതെന്നു മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. നിലവില്‍ കോവിഡ് മുന്നണിപ്പോരാളികള്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കു സൗജന്യമായി കരുതല്‍ ഡോസ് നല്‍കുന്നുണ്ട്. സ്വകാര്യ ആശുപത്രികളില്‍നിന്നു കരുതല്‍ ഡോസ് എടുക്കുന്നവര്‍ പണം നല്‍കണം.
18-59 പ്രായപരിധിയിലുള്ള 77 കോടി ജനങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെയാണു കരുതല്‍ ഡോസ് എടുത്തവര്‍. 60 വയസ്സിനു മുകളിലുളളവരും കോവിഡ് മുന്‍നിര പോരാളികളും അടങ്ങിയ 16 കോടിപ്പേരില്‍ 26% എടുത്തിട്ടുണ്ട്. രണ്ടാം ഡോസ് എടുത്തവരില്‍ ഭൂരിഭാഗവും 9 മാസത്തിനു മുന്‍പാണ് അത് എടുത്തത്. 6 മാസം വരെയാണ് അതിന്റെ പ്രതിരോധ ശേഷിയെന്നും കരുതല്‍ ഡോസ് എടുക്കുന്നതു പ്രതിരോധ ശേഷി കൂട്ടുമെന്നുമാണു വിദഗ്ധാഭിപ്രായം.
രണ്ടാം ഡോസിനും കരുതല്‍ ഡോസിനുമിടയ്ക്കുളള കാലാവധി ഒന്‍പതില്‍ നിന്ന് 6 മാസമായി ആരോഗ്യമന്ത്രാലയം കുറച്ചിരുന്നു. രാജ്യത്തെ ജനസംഖ്യയുടെ 96 ശതമാനവും ആദ്യ ഡോസ് എടുത്തതായി മന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക