ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ മാംസാഹാരം തുടരും; വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കവറത്തി: ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിന് മാംസാഹാരം തുടരും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. മുട്ട, മത്സ്യം, മാംസം എന്നിവ ഉള്‍പ്പെടുത്താനാണ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം.

സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മാംസാഹാരം ഒഴിവാക്കിയതും ഡയറി ഫാം അടച്ചുപൂട്ടിയതും ചോദ്യംചെയ്ത് കവരത്തി സ്വദേശി അജ്മല്‍ അഹമ്മദ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

1992 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന ഡയറി ഫാം ആണ് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചത്. പോഷക മൂല്യമുള്ള മാംസാഹാരമാണ് കുട്ടികളുടെ മെനുവില്‍നിന്ന് നീക്കിയത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ചുമതലയേറ്റ ശേഷമാണ് ദ്വീപ് വാസികളുടെ താത്പര്യം കണക്കിലെടുക്കാതെ ഇത്തരം പരിഷ്‌കാരം കൊണ്ടുവരുന്നതെന്ന് ഹർജിക്കാരന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് 2021 ജൂണ്‍ 22 ന് കേരള ഹൈക്കോടതി പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് തുടരാന്‍ സുപ്രീംകോടതി നിര്‍ദേശിക്കുകയായിരുന്നു. വിവാദ  ഭരണ പരിഷ്‌കാരങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടാണ് കേരള ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com