സമവായ സ്ഥാനാര്‍ത്ഥിക്കായി പ്രതിപക്ഷം; മമതയുടെ യോഗം നാളെ; പങ്കെടുക്കുമെന്ന് ഇടതുപാര്‍ട്ടികള്‍

ന്യൂഡല്‍ഹിയില്‍ നാളെ വൈകീട്ട് മൂന്നുമണിക്കാണ് മമത വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കുക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന് പൊതു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിനായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമത ബാനര്‍ജി വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് ഇടതുപാര്‍ട്ടികള്‍. യോഗത്തിലേക്ക് സിപിഎം, സിപിഐ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് എംപിമാരെ അയക്കുമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു.

ന്യൂഡല്‍ഹിയില്‍ നാളെ വൈകീട്ട് മൂന്നുമണിക്കാണ് മമത വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കുക. എളമരം കരീം എംപിയാകും സിപിഎമ്മിനെ പ്രതിനിധീകരിച്ച് മമതയുടെ യോഗത്തില്‍ പങ്കെടുക്കുക. പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയെ ഈ മാസം 20 ന് പ്രഖ്യാപിക്കുമെന്നും സീതാറാം യെച്ചൂരി അറിയിച്ചു. മമത വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസും അറിയിച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജയ്‌റാം രമേശ്, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരെയാണ് കോണ്‍ഗ്രസ് യോഗത്തില്‍ പങ്കെടുക്കാന്‍ നിയോഗിച്ചിട്ടുള്ളത്. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്തസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തിവരികയായിരുന്നു. ഇതിനിടെ മമത ഏകപക്ഷീയമായി യോഗം തീരുമാനിച്ചതില്‍ ഇടതുപാര്‍ട്ടികള്‍ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തുടങ്ങി 22 ഓളം നേതാക്കളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. 

അതിനിടെ, രാഷ്ട്രപതി തെരഞ്ഞടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയാകാനില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ അറിയിച്ചു. സീതാറാം യെച്ചൂരി, ഡി രാജ, എന്‍സിപി നേതാക്കളായ പ്രഫുല്‍ പട്ടേല്‍, പി സി ചാക്കോ എന്നിവര്‍ പവാറിനെ സന്ദര്‍ശിച്ച് പ്രതിപക്ഷ പാര്‍ട്ടികളുടെ താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തള്ളിയ പവാര്‍, സ്ഥാനാര്‍ത്ഥിയായി ഗുലാം നബി ആസാദിന്റെ പേര് നിര്‍ദേശിച്ചതായാണ് വിവരം. മത്സരത്തിനില്ലെന്ന് ശരദ് പവാര്‍ അറിയിച്ചെന്നും, സ്ഥാനാര്‍ത്ഥിയായി മറ്റു പേരുകള്‍ ആലോചിക്കുകയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സീതാറാം യെച്ചൂരി പറഞ്ഞു. ജൂലൈ 18 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com