'പോകരുത്';റോഡില്‍ കിടന്ന് പ്രവര്‍ത്തകര്‍, നാടകീയ രംഗങ്ങള്‍; ഔദ്യോഗിക വസതി ഒഴിഞ്ഞു, ഉദ്ധവ് താക്കറെ 'മാതോശ്രീ'യിലേക്ക് മാറി

ഉദ്ധവ് ഔദ്യോഗിക വസതിയില്‍ നിന്ന് പുറപ്പെടുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌
ഉദ്ധവ് ഔദ്യോഗിക വസതിയില്‍ നിന്ന് പുറപ്പെടുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്‌


മുംബൈ: രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഔദ്യോഗിക വസതി ഒഴിഞ്ഞു. മുംബൈയിലെ ഔദ്യോഗിക വസതിയായ 'വര്‍ഷ'യില്‍ നിന്ന് സ്വന്തം വീടായ 'മാതോശ്രീ'യിലേക്കാണ് ഉദ്ധവ് മാറിയത്. നേരത്തെ, ഫെയ്‌സ്ബുക്ക് ലൈവിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത ഉദ്ധവ് രാജിവയ്ക്കാന്‍ തയ്യാറാണെന്നും ഔദ്യോഗിക വസതി ഒഴിയുകയാണെന്നും പറഞ്ഞിരുന്നു. 

ഉദ്ധവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആയിരക്കണക്കിന് ശിവസേന പ്രവര്‍ത്തകരാണ് വീടിന് മുന്നില്‍ തടിച്ചു കൂടിയത്. എന്‍സിപി,കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഉദ്ധവ് ഔദ്യോഗിക വസതി ഒഴിഞ്ഞത്. 

പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണ് ഉദ്ധവും മകന്‍ ആദിത്യ താക്കറെയും ഔദ്യോഗിക വസതിയില്‍ നിന്ന് പുറത്തേക്ക് പോയത്. വാഹനത്തിന് മുകളില്‍ പ്രവര്‍ത്തകര്‍ പുക്കള്‍ ചൊരിഞ്ഞു. ചിലര്‍ വാഹനത്തിന് മുന്നില്‍ ചാടി ആത്മഹത്യാ ഭീഷണി മുഴക്കി. ചിലര്‍ റോഡില്‍ കിടന്ന് പോകരുതെന്ന് അപേക്ഷിച്ചു. വാഹനത്തില്‍ നിന്നിറങ്ങി ഉദ്ധവ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതിന് ശേഷമാണ് പ്രവര്‍ത്തകര്‍ പിന്‍മാറിയത്. 

തന്റെ ഭരണം ഇഷ്ടമല്ലാത്ത എംഎല്‍എമാര്‍ തന്റെ മുന്നില്‍ വന്ന് മുഖത്തുനോക്കി രാജി ആവശ്യപ്പെടണമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞിരുന്നു. എംഎല്‍മാര്‍ പറഞ്ഞാല്‍ രാജിവയ്ക്കാന്‍ താന്‍ തയ്യാറാണ്. ഇത് നമ്പറുകളെ കുറിച്ചല്ല. ഇപ്പോള്‍ നിരവധിപേര്‍ തനിക്ക് എതിരാണ്. ഒരു എംഎല്‍എ തനിക്കെതിരെ നിന്നാല്‍പ്പോലും അത് മാനക്കേടാണ്. താക്കറെ പറഞ്ഞു.

തന്റെ വസതിയിലെത്തി രാജിക്കത്ത് വാങ്ങി രാജ് ഭവനില്‍ എത്തിക്കാന്‍ തയ്യാറാകുന്ന എംഎല്‍എയ്ക്ക് താന്‍ രാജിക്കത്ത് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണപരിചയമില്ലാതെയാണ് താന്‍ മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം എല്ലാ വെല്ലുവിളികളും നേരിട്ടു. ശിവസേനയും ഹിന്ദുത്വയും ഒന്നാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വീഴ്ച വരുത്തിയിട്ടിമല്ല. താന്‍ ബാല്‍ താക്കറെയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഏക്‌നാഥ് ഷിന്‍ഡെ നേടിയതെല്ലാം ബാലാസാഹിബിന്റെ ആശയങ്ങളുടെ തുടര്‍ച്ചയായി ആണ്. ബാലാസാഹിബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിന് വേണ്ടി പോരാട്ടം തുടരും. തന്നെ മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്. ഇല്ലെങ്കില്‍ സര്‍കക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് പവാര്‍ പറഞ്ഞു.

ചിലര്‍ പറയുന്നു ഇത് ബാല്‍ താക്കറെയുടെ ശിവസേന അല്ലെന്ന്. ബാലാ സാഹിബിന്റെ ചിന്തകള്‍ എന്തായിരുന്നു എന്ന് അവര്‍ പറയണം. അദ്ദേഹത്തിന്റെ കാലത്ത് എന്തായിരുന്നു. അതുതന്നെയാണ് ഇന്നും ശിവസേന. ഹിന്ദുത്വ ഞങ്ങളുടെ ജീവിതമാണ്.അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com