ഏകനാഥ് ഷിന്‍ഡെ/ ഫയല്‍
ഏകനാഥ് ഷിന്‍ഡെ/ ഫയല്‍

മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു; കൂടുതല്‍ എംഎല്‍എമാര്‍ ഷിന്‍ഡേ ക്യാംപിലേക്ക്?; വിമതര്‍ സിബിഐയേയും ഇഡിയേയും ഭയന്ന് ഒളിച്ചോടിയെന്ന് സാമ്‌ന

വിമത നേതാവും മന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ ഇന്ന് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയേക്കും


മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുകയാണ്. മന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലേക്കുള്ള വിമത പക്ഷത്തേക്ക് കൂടുതല്‍ എംഎല്‍എമാര്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. മാഹിമില്‍ നിന്നുള്ള എംഎല്‍എ സദാ സര്‍വങ്കര്‍, കുല്‍ലയില്‍ നിന്നുള്ള എംഎല്‍എ മങ്കേഷ് കുദാല്‍ക്കര്‍ എന്നിവര്‍ വിമതപക്ഷത്തേക്ക് ചേക്കേറി. ഇവര്‍ ഗുജറാത്തിലെ സൂറത്തിലേക്ക് പോയതായാണ് റിപ്പോര്‍ട്ടുകള്‍. 

അതിനിടെ നാല് എംഎല്‍എമാര്‍ കൂടി വിമതപക്ഷം താമസിക്കുന്ന ഗുവാഹത്തിലിയെ റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ എത്തിയതായാണ് സൂചന. തങ്ങള്‍ക്കൊപ്പം 34 എംഎല്‍എമാരുണ്ടെന്നും, ഏക്‌നാഥ് ഷിന്‍ഡെയാണ് ശിവസേന നിയമസഭാ കക്ഷിനേതാവെന്നും ചൂണ്ടിക്കാട്ടി വിമത എംഎല്‍എമാരുടെ കത്ത് ഗവര്‍ണര്‍ക്ക് അയച്ചു. ഷിന്‍ഡെയെ നേതൃസ്ഥാനത്തു നിന്നും നീക്കിയ ഉദ്ധവ് താക്കറെയുടെ നടപടിക്ക് മറുപടിയായാണ് കത്ത്.

2019 ല്‍ ശിവസേന ലജിസ്ലേച്ചര്‍ പാര്‍ട്ടി ഏകകണ്ഠമായാണ് ഏക്‌നാഥ് ഷിന്‍ഡെയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഷിന്‍ഡെ ഇപ്പോഴും നേതാവായി തുടരുകയാണ്. പാര്‍ട്ടി ചീഫ് വിപ്പായി ഭരത് ഗോഗാവാലയെ തെരഞ്ഞെടുത്തതായും വിമത എംഎല്‍എമാര്‍ കത്തില്‍ പറയുന്നു. വിമത നേതാവും മന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെ ഇന്ന് ഗവര്‍ണറുമായി ചര്‍ച്ച നടത്തിയേക്കും. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലുള്ള ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിയുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിലപാട് അറിയിക്കാനാണ് ഷിന്‍ഡെ ക്യാമ്പ് തയ്യാറെടുക്കുന്നത്. 

വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറാണെന്ന ഉദ്ധവ് താക്കറെയുടെ പ്രസ്താവനയോട് ഷിന്‍ഡെ പ്രതികരിച്ചിട്ടില്ല. അധികാരത്തിൽ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഏതെങ്കിലും ഒരു ശിവസേനാ എംഎല്‍എ നേരിട്ട് ആവശ്യപ്പെട്ടാല്‍ ആ നിമിഷം സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്നുമാണ് ഉദ്ധവ് വ്യക്തമാക്കിയത്. ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കി പ്രശ്‌നം പരിഹരിക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാര്‍ ആണ് ഉദ്ധവിനോട് ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ ഏകനാഥ് ഷിന്‍ഡെയേയും വിമത എംഎല്‍എമാരേയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേനാ മുഖപത്രം സാമ്‌ന രംഗത്തെത്തി. വിമതര്‍ സിബിഐയേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും ഭയന്ന് ഒളിച്ചോടിയെന്ന് സാമ്‌ന കുറ്റപ്പെടുത്തി. ശിവസേന ടിക്കറ്റില്‍ വിജയിച്ച എംഎല്‍എമാര്‍ ഇപ്പോള്‍ ബിജെപിക്കൊപ്പമാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com