മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നതിന്റെയും പറയുന്നതിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കരുത്; സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യുഎന്‍

ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ
മുഹമ്മദ് സുബൈര്‍, ട്വിറ്റര്‍
മുഹമ്മദ് സുബൈര്‍, ട്വിറ്റര്‍

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റില്‍ പ്രതികരണവുമായി ഐക്യരാഷ്ട്ര സഭ. മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നതിന്റെയും പറയുന്നതിന്റെയും ട്വീറ്റ് ചെയ്യുന്നതിന്റെയും പേരില്‍ ജയിലില്‍ അടയ്ക്കരുതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു. ഒരു ഭീഷണിയുടെയും ഭയമില്ലാതെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാന്‍ അനുവദിക്കേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 

'ലോകത്ത് എവിടെയായാലും അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കേണ്ടത് പ്രധാനമാണ്. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ഭീഷണിയുടെയും ഭയമില്ലാതെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.'- സുബൈറിന്റെ അറസ്റ്റിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

'മാധ്യമപ്രവര്‍ത്തകര്‍ എഴുതുന്നതിന്റെയും പറയുന്നതിന്റെയും ട്വീറ്റ് ചെയ്യുന്നതിന്റെയും പേരില്‍ ഒരിക്കലും ജയിലില്‍ അടയ്ക്കാന്‍ പാടില്ല.'പാകിസ്ഥാനി ജേര്‍ണലിസ്റ്റിന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

അതേസമയം, ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ എന്‍ജിഒ ആയ കമ്മിറ്റി ടു പ്രൊജക്ട് ജേര്‍ണലിസ്റ്റ്‌സും (സിപിജെ) സുബൈറിന്റെ അറസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തി. 'മാധ്യമപ്രവര്‍ത്തകന്‍ സുബൈറിന്റെ അറസ്റ്റ് ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ മറ്റൊരു വീഴ്ചയാണ്. വിഘടന പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒട്ടും സുരക്ഷിതമല്ലാത്ത, ശത്രുതാപരമായ ഒരു അന്തരീക്ഷം സര്‍ക്കാര്‍ സൃഷ്ടിച്ചിരിക്കുന്നു' സിപിജെ പറഞ്ഞു. എത്രയും വേഗം സുബൈറിനെ വിട്ടയക്കണമെന്നും സിപിജെ ആവശ്യപ്പെട്ടു. 

2002 ഗുജറാത്ത് കലാപക്കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ്, മത വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സുബൈറിനെയും അറസ്റ്റ് ചെയ്തത്. ടീസ്റ്റയുടെ അറസ്റ്റില്‍ ആശങ്ക രേഖപ്പെടുത്തിയ യുഎന്‍ മുഷ്യാവാകാശ വിഭാഗം, എത്രയും വേഗം അവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

2018 മാര്‍ച്ചിലെ സുബൈറിന്റെ ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ പരാതിയിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. '2014ന് മുന്‍പ് ഹണിമൂണ്‍ ഹോട്ടല്‍, ശേഷം ഹനുമാന്‍ ഹോട്ടല്‍' എന്ന മുഹമ്മദ് സുബൈറിന്റെ ട്വീറ്റിന് എതിരെയാണ് പരാതി.സുബൈറിനെ ഡല്‍ഹി പട്യാല ഹൗസ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി നാലു ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com