'ഹാര്‍കിവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം ബന്ദികളാക്കി'; റഷ്യന്‍ വാദം തള്ളി ഇന്ത്യ

 ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം ബന്ദികളാക്കി എന്ന റഷ്യന്‍ വാദം തള്ളി കേന്ദ്രസര്‍ക്കാര്‍
ഹാര്‍കിവില്‍ റഷ്യന്‍ കവചിത വാഹനം അഗ്നിക്കിരയാക്കിയ നിലയില്‍, എപി
ഹാര്‍കിവില്‍ റഷ്യന്‍ കവചിത വാഹനം അഗ്നിക്കിരയാക്കിയ നിലയില്‍, എപി

ന്യൂഡല്‍ഹി:  ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം ബന്ദികളാക്കി എന്ന റഷ്യന്‍ വാദം തള്ളി കേന്ദ്രസര്‍ക്കാര്‍. യുക്രൈനിലെ രണ്ടാമത്തെ നഗരമായ ഹാര്‍കിവില്‍ യുക്രൈന്‍ സൈന്യം ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബന്ദികളാക്കിയതായുള്ള ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹാര്‍കിവിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തണമെന്ന് യുക്രൈന്‍ സര്‍ക്കാരിനോട് കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ഥികളെ യുക്രൈന്‍ സൈന്യം ബന്ദികളാക്കി വച്ചിരിക്കുന്നതായുള്ള റഷ്യന്‍ വാദത്തിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. ഏതെങ്കിലും മാര്‍ഗത്തിലൂടെ യുക്രൈന്‍ വിട്ടുപോകാതിരിക്കാന്‍ ഇവരെ മനുഷ്യകവചമായി  സൈന്യം ഉപയോഗിക്കുകയാണെന്നുമാണ് റഷ്യന്‍ ആരോപണം. 

റഷ്യന്‍ വാദം തള്ളി ഇന്ത്യ

അതിനിടെ, റഷ്യയുടെ സായുധാക്രമണത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ബന്ദികളായ അവസ്ഥയാണെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഹാര്‍കിവില്‍ നിന്ന് ഇവരെ ഒഴിപ്പിച്ച് യുക്രൈനിലെ മറ്റു നഗരങ്ങളില്‍ എത്തിക്കുന്നതിന് സുരക്ഷിത ഇടനാഴി അനുവദിക്കാന്‍ റഷ്യയോട് ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാരിനോടും ചൈന, പാകിസ്ഥാന്‍ ഉള്‍പ്പെടെ മറ്റു രാജ്യങ്ങളോടും യുക്രൈന്‍ നിര്‍ദേശിച്ചു.

യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതോടെ, ഹാര്‍കിവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കുടുങ്ങി കിടക്കുകയാണ്. ഇവര്‍ക്ക് പുറത്തുകടക്കാന്‍ സുരക്ഷിതമായ പാതയൊരുക്കണമെന്ന് റഷ്യയോടും യുക്രൈനോടും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

യുക്രൈനിലെ ഇന്ത്യന്‍ എംബസി കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. യുക്രൈന്റെ സഹകരണത്തോടെ നിരവധി വിദ്യാര്‍ഥികളെ ഹാര്‍കിവില്‍ നിന്ന് ഒഴിപ്പിക്കാന്‍ സാധിച്ചതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com