വയോധികയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു; യുവതിയായ വീട്ടുജോലിക്കാരി അറസ്റ്റില്‍

32കാരിയായ ഭാര്‍ഗവിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരബാദ്: വയോധികയുടെ കണ്ണില്‍ ഹാര്‍പ്പിക് ഒഴിച്ച് അന്ധയാക്കിയ ശേഷം പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന വീട്ടുജോലിക്കാരി അറസ്റ്റില്‍. 32കാരിയായ ഭാര്‍ഗവിയെയാണ് അറസ്റ്റ് ചെയ്തത്. 73കാരിയായ വീട്ടുടമ ഹേമാവതിയുടെ കണ്ണില്‍ യുവതി മിശ്രിതം ഒഴിക്കുകയായിരുന്നു. സെകന്തരാബാദിലാണ് സംഭവം. 

നചരാം കോംപ്ലക്‌സില്‍ വയോധിക ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. മകന്‍ സചീന്ദര്‍ ലണ്ടനിലാണ് താമസം. 2021 ഓഗസ്റ്റിലാണ് അമ്മയെ പരിചരിക്കുന്നതിനും വീട്ടുജോലിക്കുമായി ഭാര്‍ഗവിയെ നിയമിച്ചത്. ഏഴ് വയസ്സുള്ള മകള്‍ക്കൊപ്പം കഴിയുന്ന ഭാര്‍ഗവി, ഇതോടെ ഫ്‌ലാറ്റിലേക്ക് താമസം മാറ്റുകയും ചെയ്തിരുന്നു. 

ഇതിനിടെ ഹേമാവതി കണ്ണ് ചൊറിയുന്നത് കണ്ട ഭാര്‍ഗവി കണ്ണിലെന്തെങ്കിലും മരുന്ന് ഒഴിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് ബാത്ത്‌റൂം വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന ഹാര്‍പ്പിക്കും സന്ദു ബാമും വെള്ളത്തില്‍ കലര്‍ത്തി കണ്ണിലൊഴിക്കുകയായിരുന്നു. 

നാലുദിവസങ്ങള്‍ക്ക് ശേഷം, ഹേമാവതി തന്റെ മകനോട് കണ്ണിന് അണുബാധയുണ്ടെന്ന് പറഞ്ഞപ്പോള്‍, അവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാഴ്ച കൂടുതല്‍ കൂടുതല്‍ മങ്ങി വരുന്നതോടെ വീണ്ടും ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താനായിരുന്നില്ല. 

മകന്‍ നാട്ടിലെത്തുകയും അമ്മയെ മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.  ഹേമാവതിയുടെ കണ്ണില്‍ വിഷം കലര്‍ന്ന മിശ്രിതം വീണിട്ടുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ഇതോടെ ഭാര്‍ഗവിയെ സംശയം തോന്നിയ കുടുംബം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് ചോദ്യം ചെയ്യുന്തിനിടെ ഹേമാവതിയില്‍ നിന്ന് 40000 രൂപയും രണ്ട് സ്വര്‍ണ്ണ വളകളും ഒരു സ്വര്‍ണ്ണമാലയും കവര്‍ന്നതായും യുവതി സമ്മതിച്ചു. പൊലീസ് അറസ്റ്റ് ചെയ്ത ഭാര്‍ഗവിയെ കോടതി റിമാന്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com