കല്യാണത്തിനു മുമ്പായി കഷണ്ടി മാറ്റാന്‍ ശസ്ത്രക്രിയ, മരുന്നിന്റെ റിയാക്ഷന്‍, പൊലീസുകാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഒളിവിലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്‌ന: കല്യാണത്തിനു മുമ്പായി കഷണ്ടി മാറ്റാന്‍ മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ പൊലീസുകാരന്‍ മരുന്നിന്റെ റിയാക്ഷന്‍ മൂലം മരിച്ചു. ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

ബിഹാര്‍ മിലിറ്ററി പൊലീസിലെ കോണ്‍സ്റ്റബിള്‍ ആയ മനോരഞ്ജന്‍ പാസ്വാന്‍ ആണ് മരിച്ചത്. വരുന്ന മെയ് 11ന് പാസ്വാന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനു മുന്നോടിയായാണ് മുടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

സ്വകാര്യ ക്ലിനിക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ പാസ്വാന്‍ വീട്ടിലേക്കു മടങ്ങിയെത്തിയിരുന്നു. എന്നാല്‍ വീ്ട്ടിലെത്തിയതിനു പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ടു. ശരീരത്തില്‍ ചൊറിച്ചില്‍ ആണ് ആദ്യമുണ്ടായത്. തിരിച്ചു ക്ലിനിക്കല്‍ എത്തിയ പാസ്വാനെ നില വഷളായതിനെത്തുടര്‍ന്ന് മറ്റൊരു ആശുപ്രത്രിയിലേക്കു മാറ്റി. 

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പാസ്വാനെ പ്ലാസ്റ്റിക് സര്‍ജന്‍, കാര്‍ഡിയാക് സര്‍ജന്‍, ഇന്റേണല്‍ മെഡിസിന്‍, മറ്റ് ഐസിയു സ്‌പെഷലിസ്റ്റുകള്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ചികിത്സിച്ചതെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതീവ ഗുരുതര നിലയിലാണ് പാസ്വാനെ ആശുപത്രിയില്‍ കൊണ്ടുവന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഹൃദയ സ്തംഭനമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരുന്നിന്റെ റിയാക്ഷന്‍ ഉള്ളതായി സംശയിക്കുന്നുണ്ട്. ഇതിനായുള്ള വിദഗ്ധ പരിശോധന നടത്തും. 

പാസ്വാന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com