പ്രമോദ് സാവന്തിനും ബിരേന്‍ സിങ്ങിനും രണ്ടാമൂഴം?; ഗോവയിലും മണിപ്പൂരിലും മുഖ്യമന്ത്രിമാര്‍ തുടര്‍ന്നേക്കും

ഗോവയുടെ വികസനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രമോദ് സാവന്തിനൊപ്പമുള്ള ചിത്രം സഹിതം മോദി ട്വീറ്റ് ചെയ്തിരുന്നു
പ്രമോദ് സാവന്തും ബിരേൻ സിങ്ങും/ പിടിഐ ചിത്രം
പ്രമോദ് സാവന്തും ബിരേൻ സിങ്ങും/ പിടിഐ ചിത്രം


ന്യൂഡല്‍ഹി: ബിജെപി അധികാരം നിലനിര്‍ത്തിയ ഗോവയിലും മണിപ്പൂരിലും നിലവിലെ മുഖ്യമന്ത്രിമാര്‍ തന്നെ തുടര്‍ന്നേക്കുമെന്ന് സൂചന. ഗോവയില്‍ പ്രമോദ് സാവന്തും മണിപ്പൂരില്‍ ബിരേന്‍ സിങ്ങും രണ്ടാം വട്ടവും മുഖ്യമന്ത്രിമാരാകുമെന്ന് ബിജെപി നേതാക്കള്‍ സൂചിപ്പിച്ചതായി റിപ്പോര്‍ട്ട്. 

ഇരുനേതാക്കളും ഇന്ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി കേന്ദ്രനേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമോദ് സാവന്തുമായുള്ള ചര്‍ച്ചയ്ക്ക് പിന്നാലെ, ഗോവയില്‍ വീണ്ടും അധികാരത്തിലെത്തിച്ച ജനങ്ങളോട് ബിജെപി കടപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

ഗോവയുടെ വികസനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രമോദ് സാവന്തിനൊപ്പമുള്ള ചിത്രം സഹിതം മോദി ട്വീറ്റ് ചെയ്തിരുന്നു. മണിപ്പൂരിലെ ബിരേന്‍ സിങ്ങിനെ അഭിനന്ദിച്ചുകൊണ്ടും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 

40 അംഗ ഗോവ നിയമസഭയില്‍ 20 സീറ്റാണ് ബിജെപി നേടിയത്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരും പ്രാദേശിക പാര്‍ട്ടിയായ എംജിപിയുടെ രണ്ട് അംഗങ്ങളും ബിജെപിയെ പിന്തുണച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയും ബിജെപി നേതാവുമായ വിശ്വജിത് റാണെയും മുഖ്യമന്ത്രിസ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. 

മണിപ്പൂരില്‍ 60 അംഗ നിയമസഭയില്‍ 32 സീറ്റ് നേടിയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. ആരുടേയും പിന്തുണയില്ലാതെ തന്നെ ബിജെപിക്ക് ഭരിക്കാനാകും. മണിപ്പൂരില്‍ ബിശ്വജിത് സിങ്ങും മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്നു. ഹോളിക്ക് ശേഷം ഇരുമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com