മാസ്‌ക് ധരിക്കാത്തതിന് കേസു വേണ്ട; കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

ആള്‍ക്കൂട്ടത്തിനും കോവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് വേണ്ടെന്ന് നിര്‍ദേശിച്ചിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്ര നിര്‍ദേശം. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഇനി വേണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. അതേസമയം മാസ്‌ക് ധരിക്കല്‍, കൈകള്‍ വൃത്തിയാക്കല്‍ തുടങ്ങി, കോവിഡ് നിയന്ത്രണത്തിന് ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച നടപടികള്‍ തുടരണമെന്നും കത്തില്‍ പറയുന്നുണ്ട്.

ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ ഒഴിവാക്കുന്നതോടെ പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാതിരിക്കല്‍, സാമൂഹ്യ അകലം പാലിക്കാതിരിക്കല്‍ തുടങ്ങിവയ്ക്ക് പൊലീസ് കേസെടുക്കുന്നതും അവസാനിപ്പിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കും.

കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കോവിഡ് കുത്തനെ കുറഞ്ഞു വരികയാണ്. ടിപിആര്‍ ഒരു ശതമാനത്തിനും താഴെയാണ്. കേസുകള്‍ ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ഒഴിവാക്കാമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുള്ളത്.

കോവിഡ് മുന്‍കരുതല്‍ എന്ന നിലയില്‍ വ്യക്തികള്‍ക്ക് സ്വമേധയാ മാസ്‌ക് ധരിക്കുകയോ, ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്നു നില്‍ക്കുകയോ ചെയ്യാം. 

സംസ്ഥാനത്ത് നിലവില്‍ പൊലീസ് ആക്ടും ദുരന്ത നിവാരണ നിയമപ്രകാരവുമുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നത്. മാസ്‌ക് ധരിക്കാതിരിക്കല്‍, ആളുകള്‍ കൂട്ടം ചേരല്‍, കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കല്‍ തുടങ്ങിയവയ്ക്ക് കേസെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു. ആറുമാസം വരെ തടവുശിക്ഷ വരെ ലഭിക്കാവുന്ന കേസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്നതിനായി സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയും നോഡല്‍ ഓഫീസര്‍മാരെയും നിയോഗിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com