കൂടുതല്‍ പ്രദേശങ്ങളില്‍ നിന്ന് അഫ്‌സ്പ പിന്‍വലിക്കുന്നു; നോര്‍ത്ത് ഈസ്റ്റില്‍ നിര്‍ണായക നീക്കവുമായി കേന്ദ്രം

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമ (AFSPA) പരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ പരിധി കുറയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം
അമിത് ഷാ/ഫയല്‍ 
അമിത് ഷാ/ഫയല്‍ 


ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ സായുധ സേനയുടെ പ്രത്യേക അധികാര നിയമ (AFSPA) പരിധിയില്‍ വരുന്ന പ്രദേശങ്ങളുടെ പരിധി കുറയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. നാഗാലാന്റ്, അസം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് അഫ്‌സ്പ നിയമത്തിന്റെ പരിധി കുറയ്ക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു നടപടിയുണ്ടാകുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടു. 

നാഗാലാന്റില്‍ സൈന്യത്തിന്റെ വെടിയേറ്റ് 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവം വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിരുന്നു. ഇതിന് പിന്നാലെ ബിജെപി ഉള്‍പ്പെടെ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അഫ്‌സ്പ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. നിയമം പിന്‍വലിക്കുന്നതിനെ കുറിച്ച ആലോചിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. 

വാറന്റില്ലാതെ ആരേയും തടങ്കലില്‍ വെയ്ക്കാനും സൈനിക നീക്കങ്ങള്‍ നടത്താനും സേനയ്ക്ക് അധികാരം നല്‍കുന്ന നിയമമാണ് അഫ്‌സപ. കാലങ്ങളായി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിയമത്തിന് എതിരെ വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. 

അതേസമയം, ഈ സംസ്ഥാനങ്ങളില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കുകയല്ല, പകരം പ്രശ്‌ന ബാധിത മേഖലകളില്‍ നിലവിലുള്ളതുപോലെ സൈന്യം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ വൃത്തങ്ങള്‍ വ്യക്തമാക്കി. 

പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ സമാധാനത്തിന്റെ പുതിയ കാലത്തിലേക്ക് കടക്കാന്‍ കാരണമായതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയുന്നതായി അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു. ഈ സുപ്രധാന അവസരത്തില്‍ നോര്‍ത്ത് ഈസ്റ്റിലെ ജനങ്ങളെ താന്‍ അഭിനന്ദിക്കുന്നു എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com