'ഇവള്‍ക്ക് ജാതിയില്ല, മതമില്ല'; ഇതാ സാക്ഷ്യപത്രം

തമിഴ്‌നാട്ടില്‍ മൂന്നര വയസ്സുള്ള മകളുടെ പ്രീപ്രൈമറി സ്‌കൂള്‍ പ്രവേശനത്തിനായി ജാതി, മതരഹിത സര്‍ട്ടിഫിക്കറ്റ് നേടി ദമ്പതികള്‍
നരേഷും ഗായത്രിയും മകള്‍ക്കൊപ്പം
നരേഷും ഗായത്രിയും മകള്‍ക്കൊപ്പം

ചെന്നൈ: തമിഴ്‌നാട്ടില്‍ മൂന്നര വയസ്സുള്ള മകളുടെ പ്രീപ്രൈമറി സ്‌കൂള്‍ പ്രവേശനത്തിനായി ജാതി, മതരഹിത സര്‍ട്ടിഫിക്കറ്റ് നേടി ദമ്പതികള്‍.നരേഷ് കാര്‍ത്തിക്- ഗായത്രി ദമ്പതികളുടെ മകള്‍ വില്‍മയുടെ പേരിലാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. കുട്ടിയുടെ പ്രവേശനത്തിന് അപേക്ഷാഫോമില്‍ ജാതിയും മതവും രേഖപ്പെടുത്തുന്നത് ഒഴിവാക്കാന്‍ വിവിധ സ്‌കൂളുകള്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് ദമ്പതികള്‍ ജില്ലാ കലക്ടറെ സമീപിക്കുകയായിരുന്നു.

ജാതിയും മതവും രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂര്‍ ജില്ലാ കലക്ടറെയാണ് ദമ്പതികള്‍ സമീപിച്ചത്. ഏതെങ്കിലും മതത്തിന്റെയും ജാതിയുടെയും അതിര്‍വരമ്പുകളില്‍ മകളെ തളച്ചിടാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ജാതിയും മതവുമില്ലാത്ത സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചതെന്ന് നരേഷ് പറയുന്നു. ദൈവം എന്നാല്‍ സ്‌നേഹമാണ്. സ്‌നേഹമെന്നാല്‍ തുല്യതയാണ്. എല്ലാ വിദ്യാര്‍ഥികളെയും സ്‌നേഹവും തുല്യതയുമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിപ്പിക്കേണ്ടതെന്നും നരേഷ് പറയുന്നു.

കുട്ടിയുടെ പ്രവേശനത്തിന് വിവിധ സ്‌കൂളുകളെ സമീപിച്ചപ്പോള്‍ അപേക്ഷാഫോമില്‍ ഒരിടത്തും ജാതിയും മതവുമില്ല എന്ന് രേഖപ്പെടുത്താന്‍ കോളം അനുവദിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ജാതിയും മതവും നിര്‍ബന്ധമായി രേഖപ്പെടുത്തണമെന്നായിരുന്നു സ്‌കൂളുകളുടെ വിശദീകരണം. ഇത് പൂരിപ്പിക്കാത്തതിന്റെ പേരില്‍ സ്‌കൂളുകള്‍ അപേക്ഷാഫോം സ്വീകരിച്ചില്ലെന്നും ദമ്പതികള്‍ പറഞ്ഞു.  

കുട്ടികളുടെ പ്രവേശനത്തിന് മതവും ജാതിയും നിര്‍ബന്ധമല്ലെന്ന് 1973ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 2000ലെ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിലും ജാതിയും മതവുമില്ല എന്ന് രേഖപ്പെടുത്തുന്നതിനും ജാതിയും മതവും രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിടുന്നതിനും അനുവദിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികള്‍ കലക്ടറെ സമീപിച്ചത്.

കലക്ടറുടെ നിര്‍ദേശപ്രകാരം കോയമ്പത്തൂര്‍ നോര്‍ത്ത് തഹസില്‍ദാറിന് സത്യവാങ്മൂലം സമര്‍പ്പിച്ചു. ജാതി, മതം എന്നിവ വഴിയുള്ള ഒരു വിധത്തിലുമുള്ള ആനുകൂല്യത്തിനും അര്‍ഹത ഉണ്ടായിരിക്കില്ലെന്ന ്അറിഞ്ഞ് കൊണ്ടാണ് ജാതിയും മതവുമില്ലാത്ത സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നത് എന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലമാണ് സമര്‍പ്പിച്ചത്. നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കോയമ്പത്തൂര്‍ നോര്‍ത്ത് തഹസില്‍ദാറിന് സമര്‍പ്പിച്ചത് വഴിയാണ് തന്റെ മകള്‍ക്ക് ജാതിയും മതവും ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് നരേഷ് പറയുന്നു. ഒരു ജാതിയുടെയും മതത്തിന്റെയും ഭാഗമല്ല എന്നാണ് സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com