പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വൈദ്യുതി അവശ്യ സേവനം; കാരണമില്ലാതെ നിഷേധിക്കാനാവില്ല: ഹൈക്കോടതി

വസ്തു തര്‍ക്ക കേസിന്റെ പേരില്‍ വൈദ്യുതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

ന്യൂഡല്‍ഹി: വൈദ്യുതി അവശ്യ സേവനം ആണെന്നും യുക്തിഭദ്രവും നിയമപരവുമായ കാരണമില്ലാതെ ആര്‍ക്കും അതു നിഷേധിക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. വസ്തു തര്‍ക്ക കേസിന്റെ പേരില്‍ വൈദ്യുതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

വസ്തുവിന്റെ ഉടമാവകാശവുമായി ബന്ധപ്പെട്ടു തര്‍ക്കമുണ്ടെങ്കിലും നിലവിലെ നിയമപരമായ ഉടമയ്ക്കു വൈദ്യുതി നിഷേധിക്കാന്‍ അധികൃതര്‍ക്ക് അധികാരമില്ല. വസ്തുവില്‍ ഉടമാവകാശം ഉന്നയിച്ചവരില്‍നിന്ന് എതിര്‍പ്പില്ലാ രേഖ (എന്‍ഒസി) ഹാജരാക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ലെന്നു ജസ്റ്റിസ് മനോജ് കുമാര്‍ ഓഹ്രിയുടെ ബെഞ്ച് വ്യക്തമാക്കി.

പുതിയ വൈദ്യുതി മീറ്റര്‍ സ്ഥാപിക്കാന്‍ ബിഎസ്ഇഎസിനു നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് രണ്ടു മുതിര്‍ന്ന പൗരന്മാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരില്‍ ഒരാളുടെ സഹോദരന്‍ വസ്തുവില്‍ ഉടമാവകാശം ഉന്നയിച്ചിട്ടുണ്ടെന്നും ഇയാളില്‍നിന്നു എതിര്‍പ്പില്ലാ രേഖ കൊണ്ടുവന്നാലേ മീറ്റര്‍ സ്ഥാപിക്കാനാവൂ എന്നുമാണ് അധികൃതര്‍ അറിയിച്ചത്. 

നിലവില്‍ ഒരു കണക്ഷനില്‍നിന്നു രണ്ടു പേര്‍ ചേര്‍ന്നാണ് വൈദ്യുതി ഉപയോഗിക്കുന്നത്. ഇതു തര്‍ക്കങ്ങള്‍ക്കു കാരണമായ സാഹചര്യത്തിലാണ് പ്രത്യേക മീറ്റര്‍ സ്ഥാപിക്കാന്‍ അധികൃതരെ സമീപിച്ചത്. നിലവില്‍ വസ്തുവിലേക്കു വൈദ്യുതി കണക്ഷന്‍ ഉണ്ടെന്നത് കോടതി എടുത്തു പറഞ്ഞു.

വൈദ്യുതി അടിസ്ഥാന ആവശ്യമാണെന്നും തര്‍ക്കങ്ങളുടെ പേരില്‍ അതു നിഷേധിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. അപേക്ഷകര്‍ ആ വസ്തുവില്‍ താമസമുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. 

പുതിയ മീറ്റര്‍ സ്ഥാപിക്കണമെന്ന ആവശ്യം നിയമപരമായി പരിശോധിക്കാന്‍ ബിഎസ്ഇഎസിന് കോടതി നിര്‍ദേശം നല്‍കി. എന്‍ഒസി എന്ന നിബന്ധന ഒഴിവാക്കാന്‍ കോടതി ഉത്തരവിട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com