ഭാര്യ ജോലിക്കു പോവാന്‍ ആഗ്രഹിക്കുന്നത് ക്രൂരതയല്ല; വിവാഹമോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി

ഭാര്യ ജോലിക്കു പോവാന്‍ ആഗ്രഹിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്നും അതിന്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഭാര്യ ജോലിക്കു പോവാന്‍ ആഗ്രഹിക്കുന്നത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്നും അതിന്റെ പേരില്‍ വിവാഹ മോചനം അനുവദിക്കാനാവില്ലെന്നും ബോംബെ ഹൈക്കോടതി. ഭര്‍ത്താവ് നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അതുല്‍ ചന്ദുര്‍ക്കറിന്റെയും ഊര്‍മിള ജോഷി ഫാല്‍ക്കെയുടെയും നിരീക്ഷണം.

ജോലിക്കു പോവണം എന്ന് ആവശ്യപ്പെട്ട് ഭാര്യ നിരന്തരം കലഹിക്കുകയാണെന്നും ജോലി കിട്ടുംവരെ ഗര്‍ഭിണിയാവില്ലെന്നു ഭീഷണിപ്പെടുത്തുന്നതായും ചൂണ്ടിക്കാട്ടിയാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്. 

വിദ്യാഭ്യാസ യോഗ്യതയുള്ള ഭാര്യ ജോലിക്കു പോവണം എന്നാഗ്രഹിക്കുന്നത് ഹിന്ദു വിവാഹ നിയമം 13ാം വകുപ്പു പ്രകാരം വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് കോടതി വിലയിരുത്തി. തുടര്‍ന്നും ഒരുമിച്ചു ജീവിക്കാനാവാത്ത സാഹചര്യമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ ഭര്‍ത്താവിനായിട്ടില്ല. വിവാഹ ബബന്ധത്തെ അതിന്റെ ആകെത്തുകയിലാണ് കണക്കിലെടുക്കേണ്ടത്. ഏതെങ്കിലും സമയത്തെ പെരുമാറ്റത്തിന്റെ പേരില്‍ നിരന്തരം ക്രൂരതയ്ക്കിരയാവുന്നു എന്നു പറയാനാവില്ല. 

തന്റെ അനുമതിയില്ലാതെ ഭാര്യ ഗര്‍ഭഛിദ്രം നടത്തി എന്നതാണ് ഭര്‍ത്താവ് ഉന്നയിച്ച മറ്റൊരു കാരണം. ഗര്‍ഭധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീയുടെ അവകാശം തര്‍ക്കമില്ലാതെ സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണെന്ന് കോടതി പറഞ്ഞു. കുട്ടിക്കു ജന്മം നല്‍കണമെന്ന് സ്ത്രീയെ നിര്‍ബന്ധിക്കാനാവില്ല. 

വിവാഹത്തിനു നാലാം വര്‍ഷം ഭാര്യ തന്നെ ഉപേക്ഷിച്ചുപോയെന്നും ഭര്‍ത്താവ് പറയുന്നുണ്ട്. എന്നാല്‍ ബന്ധം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഭാര്യ പോയി എന്നു സ്ഥാപിക്കാന്‍ ഭര്‍ത്താവിനായില്ലെന്ന് കോടതി പറഞ്ഞു. ജോലി സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാര്യ പോയതെന്ന് ഭര്‍ത്താവ് തന്നെ പറയുന്നുണ്ട്. ഭര്‍തൃഗൃഹം വിട്ടതിനു പിന്നാലെ ഭാര്യയ്ക്കു ജോലി ലഭിച്ചതായും കോടതി എടുത്തു പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com