അവിഹിത ബന്ധമെന്ന് സംശയം; ഓടുന്ന ബസില്‍ ഭാര്യയുടെ കഴുത്തറുത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍; മൃതദേഹത്തിന് സമീപത്ത് കുത്തിയിരുന്നു; അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd December 2022 11:15 AM  |  

Last Updated: 22nd December 2022 11:15 AM  |   A+A-   |  

CRIME

പ്രതീകാത്മക ചിത്രം

 

അഹമ്മദാബാദ്: ഓടുന്ന ബസിനുള്ളില്‍ വച്ച് ഭാര്യയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍. ഗുജറത്താത്തിലെ ചോട്ടേ ഉദേപൂര്‍ ജില്ലയിലാണ് സംഭവം. സൂറത്തിലെ പൊലീസ് ഇന്‍സ്‌പെക്ടറായ അമൃത് രത്‌വയാണ് പിടിയിലായത്.

ഭാര്യക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 200 കിലോമീറ്ററോളം  സഞ്ചരിച്ചാണ് ഇയാള്‍ ഭാര്യയെ ബസിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ദുരന്തം സംഭവിക്കുമ്പോള്‍ ഭാര്യ മംഗുബെന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജിഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നു. 

കൊലപാതകത്തിന് മുന്‍പ് ഇരുവരും തമ്മില്‍ ഫോണില്‍ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അമൃത് ഭാര്യയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. കൃത്യം നടത്തിയ ദിവസം ഇയാള്‍ ഭാര്യ താമസിച്ചിരുന്ന ഭിഖാപൂര്‍ ഗ്രാമത്തില്‍ നിന്നാണ് ബസില്‍ കയറിയത്. കണ്ടക്ടറുടെ സീറ്റില്‍ ഇരുന്ന ജോലി ചെയ്യുകയായിരുന്ന യുവതിയുടെ സമീപത്തെത്തി കൈയില്‍ കരുതിയിരുന്ന കത്തിക്കൊണ്ട് കുത്തുകയും പിന്നീട് യുവതിയുടെ കഴുത്തറുക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

കൊല നടത്തിയ ശേഷം പൊലീസ് എത്തുന്നതുവരെ അമൃത് ബസിനുള്ളില്‍ മൃതദേഹത്തിന് സമീപത്ത് തന്നെ ഇരുന്നു. ഇയാള്‍ക്കെതിരെ കൊലപാതകം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കോവിഡ് ഭീതി; വിമാനത്താവളങ്ങളിൽ പരിശോധന ആരംഭിച്ചു, മാസ്ക് നിർബന്ധമാക്കിയേക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ