'ആം ആദ്മി പാര്‍ട്ടി ഉണ്ടായത് ആര്‍എസ്എസില്‍ നിന്ന്; 'ഡല്‍ഹി മോഡല്‍' പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നു'- പ്രിയങ്ക

'ആം ആദ്മി പാര്‍ട്ടി ഉണ്ടായത് ആര്‍എസ്എസില്‍ നിന്ന്; 'ഡല്‍ഹി മോഡല്‍' പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നു'- പ്രിയങ്ക
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചണ്ഡീഗഢ്: ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. എഎപി, ആര്‍എസ്എസില്‍ നിന്നുതന്നെ രൂപം കൊണ്ട പാര്‍ട്ടിയാണെന്ന് അവര്‍ ആരോപിച്ചു. പഞ്ചാബില്‍ കോണ്‍ഗ്രസ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയാണ് പ്രിയങ്കയുടെ വിമര്‍ശനം. 

'ആം ആദ്മി പാര്‍ട്ടി രൂപം കൊണ്ടത് ആര്‍എസ്എസില്‍ നിന്നാണ്. ഡല്‍ഹിയില്‍ എഎപി നേതൃത്വത്തിലുള്ള സര്‍ക്കാരിന് പുതിയ വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങള്‍ ഒന്നും സ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ചും അവയിലുള്ള നേതാക്കളെ കുറിച്ചും പൊതുജനങ്ങള്‍ സത്യം മനസിലാക്കണം'- അവര്‍ പറഞ്ഞു. 

'2014ല്‍ ബിജെപി അധികാരത്തില്‍ വന്നത് ഗുജറാത്ത് മോഡല്‍ എന്നു പറഞ്ഞ് ആളുകളെ കബളിപ്പിച്ചാണ്. അക്കാര്യം മറക്കരുത്. ഇത്തവണ എഎപി പഞ്ചാബില്‍ അവരുടെ ഡല്‍ഹി മോഡല്‍ കൊണ്ടു വരും എന്നു പറഞ്ഞാണ് പ്രചാരണം നടത്തുന്നത്. എഎപിയാല്‍ അത്തരത്തില്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടാന്‍ പാടില്ല. പഞ്ചാബില്‍ അധികാരത്തില്‍ വന്നാല്‍ ഡല്‍ഹിയില്‍ നിന്നല്ല ഭരണം നടത്തേണ്ടത്. ബിജെപിയോ എഎപിയോ അധികാരത്തില്‍ വന്നാല്‍ അതാകും സംഭവിക്കുക'- അവര്‍ വ്യക്തമാക്കി. 

കൊട്കപുരയില്‍ നിന്ന് മത്സരിക്കുന്ന അജയ്പാല്‍ സിങ് സന്ധുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കവേയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ചരന്‍ജിത് സിങ് ചന്നി ജനങ്ങള്‍ക്കിടയില്‍ നിന്നുള്ള സാധാരണക്കാരനാണെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com