പുലര്‍ച്ച മൂര്‍ച്ചയുള്ള ആയുധവുമായി എത്തി; സിഎന്‍ജി സ്റ്റേഷനിലെ മൂന്ന് ജീവനക്കാരെ കുത്തിക്കൊന്നു; അന്വേഷണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th February 2022 11:58 AM  |  

Last Updated: 28th February 2022 11:58 AM  |   A+A-   |  

CNG pump hacked to death

പ്രതീകാത്മക ചിത്രം

 


ഗുരുഗ്രാം: സിഎന്‍ജി സ്റ്റേഷനില്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് പേരെ അജ്ഞാതന്‍ കുത്തിക്കൊന്നു.  ഇന്ന് പുലര്‍ച്ചെ ഗുരുഗ്രാമിലെ സെക്ടര്‍ 31ലായിരുന്നു ആക്രമണം. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. 

മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ചാണ് മൂവരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഡല്‍ഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയില്‍ ജാര്‍സ ചൗക്കിന് സമീപത്താണ് സിഎന്‍ജി സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ മൂന്ന് ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നും കൊലപാതകത്തില്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

രണ്ട് മൃതദേഹങ്ങള്‍ പമ്പ് സ്റ്റേഷന്റെ മുറിയില്‍ നിന്നും മൂന്നാമത്തേത് പുറത്ത് നിന്നുമാണ് കണ്ടെത്തിയത്. ഉത്തര്‍പ്രദേശ് സ്വദേശികളായ പുഷ്‌പേന്ദ്ര, ഭൂപീന്ദര്‍, നരേഷ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചതായും സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.

മോഷണം ലക്ഷ്യമിട്ടാണ് കൊല നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. മറ്റ് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നതും അന്വേഷിക്കുന്നതായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കൊലപാതകവുമായി ബന്ധപ്പെട്ട് ആരെയും സംശയിക്കുന്നില്ലെന്ന് മറ്റ് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.പോലീസ് ക്രൈംബ്രാഞ്ച് സംഘങ്ങള്‍ക്കൊപ്പം ഫോറന്‍സിക് സയന്‍സ് ലാബും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.