ഉത്തരേന്ത്യയിൽ കനത്ത മഴ, ഡല്‍ഹിയില്‍ വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു; ബിഹാറില്‍ നിരവധി ഗ്രാമങ്ങള്‍ വെള്ളത്തില്‍ ( വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2022 01:11 PM  |  

Last Updated: 30th June 2022 01:11 PM  |   A+A-   |  

floods

 

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. അതിശക്തമായ മഴയെയും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന് ഡല്‍ഹിയില്‍ വിമാനങ്ങള്‍ വൈകുകയാണ്. രണ്ട് വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. അമൃത്സര്‍, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് വഴി തിരിച്ചു വിട്ടത്. കനത്ത മഴയ്ത്തുടര്‍ന്നുള്ള വെള്ളക്കെട്ട് മൂലം മുംബൈ അന്ധേരിയിലെ അടിപ്പാത അടച്ചു. 

വെള്ളക്കെട്ടിനെ തുടര്‍ന്ന് ഡല്‍ഹി പ്രഹ്ലാദ്പൂർ റെയില്‍വേ തുരങ്കപാതയിലും ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഡല്‍ഹി നഗരത്തിലും കനത്തമഴയും വെള്ളക്കെട്ടും മൂലം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളില്‍ മണ്‍സൂണ്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

ബിഹാറിലും 24 മണിക്കൂറായി തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. തലസ്ഥാനമായ പാട്‌ന അടക്കം വെള്ളക്കെട്ട് രൂക്ഷമായി. മിതാപൂര്‍, യാര്‍പൂര്‍, ജക്കന്‍പൂര്‍, രാജേന്ദ്രനഗര്‍, സിപാര, ദിഗ, കുര്‍ജി തുടങ്ങിയ മേഖലകളില്‍ പ്രളയക്കെടുതി രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലും കനത്ത മഴ തുടരുകയാണ്. ഇതേത്തുടര്‍ന്ന് നിരവധി റോഡുകള്‍ വെള്ളത്തിലായി. നിരവധി റോഡുകള്‍ തകര്‍ന്നു. മഴ ശക്തമായതോടെ മണ്ണിടിച്ചില്‍ ഭീതിയും നിലനില്‍ക്കുകയാണ്. 

അസമില്‍ കനത്തമഴയെത്തുടര്‍ന്നുള്ള പ്രളയക്കെടുതിയില്‍ ബുധനാഴ്ച 12 പേര്‍ കൂടി മരിച്ചു. 11 പേര്‍ വെള്ളപ്പൊക്കത്തിലും ഒരാള്‍ മണ്ണിടിച്ചിലിലുമാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 151 ആയി ഉയര്‍ന്നു. 31.5 ലക്ഷം പേരാണ് പ്രളയത്തെത്തുടര്‍ന്ന് ദുരിതം നേരിടുന്നത്. 

ഈ വാർത്ത കൂടി വായിക്കാം 

ഇംഫാലില്‍ സൈനിക ക്യാമ്പിന് മേല്‍ കനത്ത മണ്ണിടിച്ചില്‍; രണ്ടു മരണം; 55 പേരെ കാണാതായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ