അഞ്ചില്‍ നാലിലും സര്‍ക്കാരുണ്ടാക്കും; അവകാശവാദവുമായി ബിജെപി

ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമുണ്ടാകും. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ ഇവ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി അധികാരം നിലനിര്‍ത്തുമെന്ന് പാര്‍ട്ടി ദേശീയ വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ഭരണനേട്ടങ്ങള്‍ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളില്‍ വീണ്ടും അധികാരത്തിലെത്താന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പഞ്ചാബില്‍ പാര്‍ട്ടി നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ നാലിലും ബിജെപി സര്‍ക്കാര്‍ രൂപികരിക്കും. ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് വന്‍ മുന്നേറ്റമുണ്ടാകും. ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ ഇവ ബിജെപിക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, യോഗി ആദിത്യനാഥ് എന്നിവര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

തെരഞ്ഞെടുപ്പ് സമയത്ത് യുപിയിലെ നിരവധി മണ്ഡലങ്ങളില്‍ താന്‍ പര്യടനം നടത്തിയിരുന്നു. ബിജെപി വ്യക്തമായ മുന്‍തൂക്കം നേടാന്‍ കഴിയുമെന്നാണ് തനിക്ക് അതില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. കഴിഞ്ഞ 5 വര്‍ഷത്തെ ബിജെപിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് വളരെ നല്ല അഭിപ്രായമാണ് ഉള്ളത്. ക്രമസമാധാനത്തിന്റെ കാര്യത്തില്‍ യുപി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു, ഗുണ്ടാരാജ് പൂര്‍ണമായും ഇല്ലാതാക്കിയതായും അദ്ദേഹം പറഞ്ഞു. അടിസ്ഥാനവികസനം ഉള്‍പ്പടെ സമഗ്രമേഖലയിലും കഴിഞ്ഞ 5 വര്‍ഷത്തെ നേട്ടങ്ങള്‍ ശ്രദ്ധേയമാണ്. പുതിയവിമാനത്താവളങ്ങള്‍, എക്‌സ്പ്രസ് ഹൈവേ തുടങ്ങി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അവസാനഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച വൈകീട്ട് അവസാനിക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് 10ന് പ്രഖ്യാപിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com