ഉപതെരഞ്ഞെടുപ്പ്: ഏഴില്‍ നാലിലും ജയിച്ച് ബിജെപി, കോണ്‍ഗ്രസിന് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി

രാജ്യത്തെ 6 സംസ്ഥാനങ്ങളിലെ 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നാല് സീറ്റ് നേടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  രാജ്യത്തെ 6 സംസ്ഥാനങ്ങളിലെ 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി നാല് സീറ്റ് നേടി. ഹരിയാനയിലെയും തെലങ്കാനയിലെയും കോണ്‍ഗ്രസിന്റെ ഓരോ സിറ്റിങ് സീറ്റ് യഥാക്രമം ബിജെപിയും ടിആര്‍എസും പിടിച്ചെടുത്തു. ആര്‍ജെഡി,  ശിവസേന ഉദ്ധവ് വിഭാഗം എന്നിവര്‍ ഓരോ സീറ്റിലും വിജയിച്ചു. 

ഹരിയാനയിലെ ആദംപൂര്‍, ഉത്തര്‍പ്രദേശിലെ ഗോല ഗോകര്‍നാഥ്, ബിഹാറിലെ ഗോപാല്‍ഗഞ്ച്, ഒഡീഷയിലെ ധാംനഗര്‍ എന്നി മണ്ഡലങ്ങളിലാണ് ബിജെപി വിജയിച്ചത്. കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയ് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നു രാജിവച്ചതുമൂലം ഒഴിവു വന്ന ഹരിയാനയിലെ ആദംപുരില്‍ അദ്ദേഹത്തിന്റെ മകന്‍ ഭവ്യ ആണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഭവ്യ കോണ്‍ഗ്രസിന്റെ ജയ്പ്രകാശിനെ 16,000 വോട്ടിന് തോല്‍പിച്ചു. കോണ്‍ഗ്രസിനു സിറ്റിങ് സീറ്റ് നഷ്ടമായി.

ഗോപാല്‍ഗഞ്ചില്‍ ബിജെപി അംഗം സുഭാഷ് സിങ് അന്തരിച്ചതിനെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ കുസുംദേവി ആര്‍ജെഡി സ്ഥാനാര്‍ഥി മോഹന്‍ കുമാര്‍ ഗുപ്തയെ 1794 വോട്ടുകള്‍ക്കാണു തോല്‍പിച്ചത്. 

ഉത്തര്‍പ്രദേശിലെ ഗോല ഗോകര്‍നാഥ് മണ്ഡലം ബിജെപി നിലനിര്‍ത്തി. ബിജെപി അംഗം അരവിന്ദ് ഗിരിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ മകന്‍ അമന്‍ഗിരി എസ്പിയുടെ വിനയ് തിവാരിയെ 34000 വോട്ടിന് തോല്‍പിച്ചു. ഒഡീഷയിലെ ധാംനഗറില്‍ ബിജെപി സ്ഥാനാര്‍ഥി സൂര്യവംശി സുരാജ് 9881 വോട്ടിന് ബിജെഡി സ്ഥാനാര്‍ഥി അബന്തി ദാസിനെ തോല്‍പിച്ചു. ബിജെപി സീറ്റ് നിലനിര്‍ത്തി.

ശിവസേന അംഗം രമേഷ് ലട്‌കെയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മഹാരാഷ്്ട്രയിലെ അന്ധേരി (ഈസ്റ്റ്) മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും ശിവസേന ഉദ്ധവ് വിഭാഗം സ്ഥാനാര്‍ഥിയുമായ റുതുജ ലട്‌കെ വിജയിച്ചു. ബിജെപി സഖ്യം സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്ന സാഹചര്യത്തില്‍ ആകെ പോള്‍ ചെയ്ത 86570 വോട്ടില്‍ 66530 വോട്ടും നേടിയാണു റുതുജ ജയിച്ചത്. 

ബിഹാറിലെ മൊകാമ സീറ്റില്‍ ആര്‍ജെഡി വിജയിച്ചു. മൊകാമയിലെ ആര്‍ജെഡി എംഎല്‍എ അനന്ത്കുമാര്‍ സിങ്ങിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്ന് ഒഴിവുണ്ടായ സീറ്റില്‍ അദ്ദേഹത്തിന്റെ ഭാര്യ നീലം ദേവി 16,741 വോട്ടിന് ബിജെപിയുടെ സോനം ദേവിയെ തോല്‍പിച്ചു.

തെലങ്കാനയിലെ മുനുഗോഡ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) പിടിച്ചെടുത്തു. ടിആര്‍എസ് സ്ഥാനാര്‍ഥി കെ. പ്രഭാകര്‍ റെഡ്ഢി 11666 വോട്ടിന് ബിജെപി സ്ഥാനാര്‍ഥി രാജ്‌ഗോപാല്‍ റെഡ്ഢിയെ തോല്‍പിച്ചു. കോണ്‍ഗ്രസ് നിയമസഭാംഗമായിരുന്ന രാജ്‌ഗോപാല്‍ റെഡ്ഢി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന് മത്സരിക്കുകയായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി. ശ്രാവന്തി റെഡ്ഢിക്ക് 21000 വോട്ടുമാത്രമാണ് ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com