മോദിയെ ബഹിഷ്‌കരിച്ച് കെസിആര്‍, എയര്‍പോര്‍ട്ടിലും എത്തിയില്ല; രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണ നിലപാടില്‍ താന്‍ വേദനിക്കുന്നു. ഇത് തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്‌നങ്ങളെ ഇല്ലാതാക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയിലെ ബിജെപി റാലിയില്‍ സംസാരിക്കുന്നു/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി തെലങ്കാനയിലെ ബിജെപി റാലിയില്‍ സംസാരിക്കുന്നു/ പിടിഐ

ഹൈദരബാദ്:  തനിക്കൊപ്പം വേദി പങ്കിടാതെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഔദ്യോഗിക ചടങ്ങില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെ, സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന്റെ വികസന പദ്ധതികള്‍ക്ക്് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുകയാണെന്ന് ബിജെപിയുടെ റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. കുടുംബാധിപത്യത്തിന്റെ പേരില്‍ സംസ്ഥാനത്ത് അഴിമതി നടക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

തെലങ്കാനയിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന വിവിധ പദ്ധതികളും സംരംഭങ്ങളും നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണ നിലപാടില്‍ താന്‍ വേദനിക്കുന്നു. ഇത് തെലങ്കാനയിലെ ജനങ്ങളുടെ സ്വപ്‌നങ്ങളെ ഇല്ലാതാക്കും. തെലങ്കാനയിലെ ജനങ്ങള്‍ക്കായി നടപ്പാക്കുന്ന വികസനങ്ങളില്‍ ഒരുതരത്തിലും തടസം നില്‍ക്കരുതെന്ന് താന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. 

തെലങ്കാനയിലെ ജനങ്ങള്‍ക്കായി നടപ്പാക്കുന്ന പദ്ധതികളില്‍ നിന്ന് എങ്ങനെ നേട്ടം കൊയ്യാമെന്നാണ് ചിലര്‍ നോക്കുന്നതെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി കെസിആറിനെയും കുടുംബത്തെയും മോദി ആക്രമിച്ചത്. കുടുംബഭരണവും അഴിമതിയും തമ്മില്‍ വ്യത്യാസമില്ല. കുടുംബഭരണമുള്ളിടത്ത് ആഴിമതി വളരാന്‍ തുടങ്ങുന്നു. ബിആര്‍എസ് ഭരണത്തില്‍ എവിടെ നോക്കിയാലും സ്വജനപക്ഷപാതവും അഴിമതിയും കാണാമെന്ന് മോദി ആവര്‍ത്തിച്ചു. 

സംസ്ഥാനത്ത് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ ചടങ്ങില്‍ നിന്നും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു വിട്ടുനിന്നു. പ്രധാനമന്ത്രിയെ ബീഗംപേട്ട് വിമാനത്താവളത്തില്‍ സ്വീകരിക്കാനും മുഖ്യമന്ത്രി എത്തിയില്ല. വര്‍ഷാവസാനത്തോടെ തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി സംസ്ഥാനത്തെത്തിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയപ്പോള്‍ മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com