അതിഖിന്റെ ശരീരത്തില്‍ ഒമ്പതു വെടിയുണ്ടകള്‍; ഒരെണ്ണം തലയില്‍; അഷ്‌റഫിന് അഞ്ചു വെടിയേറ്റു; കൊലപാതകം അന്വേഷിക്കാന്‍ രണ്ടു പ്രത്യേക സംഘങ്ങള്‍ 

അതിഖ് അഹമ്മദിന്റെയും അഷ്‌റഫ് അഹമ്മദിന്റെയും മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി
അതിഖ് അഹമ്മദും സഹോദരനും/ പിടിഐ
അതിഖ് അഹമ്മദും സഹോദരനും/ പിടിഐ

ലഖ്‌നൗ: വെടിയേറ്റു മരിച്ച മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിന്റെ ശരീരത്തില്‍ നിന്നും ഒമ്പതു വെടിയുണ്ടകള്‍ കണ്ടെടുത്തു. ഇതിലൊരെണ്ണം തലയിലാണ്. ബാക്കി എട്ടെണ്ണം നെഞ്ചത്തും പുറത്തുമാണ് ഏറ്റിരിക്കുന്നതെന്നും പോസ്റ്റ് മോർട്ടത്തില്‍ വ്യക്തമാക്കുന്നു. 

പ്രയാഗ് രാജിലെ ആശുപത്രിക്ക് മുന്നില്‍ മാധ്യമങ്ങളുടെ കണ്‍മുന്നില്‍ വെച്ചായിരുന്നു വെടിവെയ്പ്. അതിഖിന്റെ സഹോദരന്‍ അഷ്‌റഫിന്റെ ശരീരത്തില്‍ നിന്നും അഞ്ചു വെടിയുണ്ടകള്‍ പുറത്തെടുത്തു. അഷ്റഫിന്റെ മുഖത്തും പുറത്തുമാണ് വെടിയേറ്റിരിക്കുന്നത്. അഞ്ച് ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ് മോർട്ടം നടത്തിയത്.

അതിഖിന്റെ കൊലപാതകം അന്വേഷിക്കാന്‍ രണ്ടു പ്രത്യേക അന്വേഷണ സംഘത്തെ യുപി സര്‍ക്കാര്‍ നിയോഗിച്ചു. പ്രയാഗ് രാജ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഭാനു ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം. പ്രയാഗ് രാജ് പൊലീസ് കമ്മീഷണര്‍, ഫോറന്‍സിക് സയന്‍സ് ലാബ് ഡയറക്ടര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. 

ഷഹ്ജങ് പൊലീസ് സ്റ്റേഷന്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകക്കേസിലാണ് രണ്ടാമത്തെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുള്ളത്. അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലാണ് രണ്ടാമത്തെ സംഘം. ഈ സംഘത്തിന്റെ അന്വേഷണ പുരോഗതി ഭാനു ഭാസ്‌കറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിലയിരുത്തുമെന്ന് ഡിജിപി ആര്‍ കെ വിശ്വകര്‍മ്മ അറിയിച്ചു. 

അതിനിടെ, അതിഖ് അഹമ്മദിന്റെയും അഷ്‌റഫ് അഹമ്മദിന്റെയും മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. റിട്ടയേഡ് ഐപിഎസ് ഓഫീസര്‍ അമിതാബ് താക്കൂറാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. പൊലീസ് കസ്റ്റഡിയിലായിരുന്ന അതീഖിനെയും അഷ്‌റഫിനെയും ശനിയാഴ്ച രാത്രി പത്തിനു പ്രയാഗ്രാജിലെ ആശുപത്രിയിലേക്കു വൈദ്യപരിശോധനയ്ക്കു കൊണ്ടുപോകുമ്പോഴായിരുന്നു ഇരുവര്‍ക്കും നേരെ വെടിവെയ്പുണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com