തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനം: ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍; ബില്‍ രാജ്യസഭയില്‍

ബില്ലില്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്നും ഒഴിവാക്കി
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്/ പിടിഐ
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്/ പിടിഐ

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തില്‍ സമിതിയില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍. രാജ്യസഭയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, സര്‍വീസ് കാലാവധി തുടങ്ങിയവ സംബന്ധിച്ച ബില്‍ കൊണ്ടുവന്നത്. 

അടുത്തിടെ ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി അഞ്ചംഗ ബെഞ്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനത്തിന് പുതിയ സമിതി രൂപീകരിച്ചത്. ഇലക്ഷന്‍ കമ്മീഷണര്‍മാരെ നിയമിക്കുന്നത് പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. 

കേന്ദ്രസര്‍ക്കാരായിരുന്നു അതുവരെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിച്ചിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ച് നിയമനം നടത്തുന്നതായിരുന്നു പതിവ്. സുപ്രീം കോടതി നിയോഗിച്ച പുതിയ സമിതിയെ മറികടക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവന്നത്. 

പുതിയ ബില്ലില്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമിതിയില്‍ നിന്നും ഒഴിവാക്കി. പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന ഒരു കേന്ദ്രമന്ത്രി സമിതിയില്‍ അംഗമാകും.  പ്രധാനമന്ത്രി, ലോക്‌സഭ പ്രതിപക്ഷ നേതാവ്, കേന്ദ്രമന്ത്രി എന്നിവരുള്‍പ്പെടുന്ന സമിതിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. 

തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ കണ്ടെത്തുന്നതിന് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതി സെക്രട്ടറി തല സമിതിയുണ്ടാകും. ഈ സെര്‍ച്ച് കമ്മിറ്റി അഞ്ചു പേരുടെ പാനല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് ശുപാര്‍ശ ചെയ്യണം. 

കേന്ദ്രസര്‍വീസില്‍ നിന്നും വിആര്‍എസ് എടുത്ത അരുണ്‍ ഗോയലിനെ, തൊട്ടടുത്തു തന്നെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചതിനെ ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിശിതമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മൂന്നംഗ സമിതിയെ നിയോഗിച്ചത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com