70,000 രൂപ കൊടുത്ത് ഭാര്യയെ 'വാങ്ങി'; കൂടെക്കൂടെ ഒളിച്ചോടുന്നതില്‍ രോഷം; യുവതിയെ കൊന്ന് കാട്ടില്‍ തള്ളി ഭര്‍ത്താവ്

യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: യുവതിയെ കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ ഭര്‍ത്താവ് അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. ഭാര്യയെ ബിഹാറില്‍ നിന്ന് 70000 രൂപ കൊടുത്ത് 'വാങ്ങിയതാണെന്ന്' ഭര്‍ത്താവ് മൊഴി നല്‍കിയതായി പൊലീസ് പറയുന്നു. ഭാര്യ കൂടെക്കൂടെ ഒളിച്ചോടുന്നതില്‍ സഹികെട്ടാണ് യുവാവ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു. 

ഡല്‍ഹിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലുള്ള ഫത്തേപ്പൂര്‍ ബേരിയ്ക്ക് സമീപമുള്ള വനത്തില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസിന്റെ ചുരുളഴിഞ്ഞത്. ശനിയാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ ഭര്‍ത്താവ് ധരംവീറും കൂട്ടാളികളായ അരുണും സത്യാവാനുമാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്താന്‍ സഹായിച്ചതെന്നും പൊലീസ് പറയുന്നു.

പുലര്‍ച്ചെ സംശയാസ്പദമായ നിലയില്‍ കണ്ട ഓട്ടോറിക്ഷയാണ് അന്വേഷണത്തില്‍ തുമ്പായത്.  ഓട്ടോറിക്ഷയുടെ റൂട്ട് ട്രാക്ക് ചെയ്തതോടെ രജിസ്‌ട്രേഷന്‍ നമ്പര്‍ തിരിച്ചറിഞ്ഞു. ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് മരിച്ച യുവതിയെ തിരിച്ചറിഞ്ഞതെന്നും പൊലീസ് പറയുന്നു.

ധരംവീറിന്റെ ഭാര്യയായ സ്വീറ്റിയെ ധരംവീറും ബന്ധുക്കളായ സത്യാവാനും അരുണും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് കുറ്റസമ്മതമൊഴി നല്‍കിയതായും പൊലീസ് പറയുന്നു. ഹരിയാന അതിര്‍ത്തിയില്‍ വച്ചാണ് കഴുത്തുഞെരിച്ച് കൊന്നത്. തുടര്‍ന്ന് സ്വീറ്റിയുടെ മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

വീട്ടില്‍ പറയാതെ കൂടെക്കൂടെ ഭാര്യ ഒളിച്ചോടുന്നതില്‍ ധരംവീര്‍ മനോവിഷമത്തിലായിരുന്നുവെന്ന് അരുണ്‍ പറഞ്ഞതായി പൊലീസ് പറയുന്നു. പലപ്പോഴും മാസങ്ങളോളം സ്വീറ്റിയെ കാണാതായിട്ടുണ്ട്. കുടുംബാംഗങ്ങളോട് സ്വീറ്റ് സംസാരിക്കാറില്ല. ബിഹാറില്‍ നിന്ന് 70000 രൂപ കൊടുത്ത് സ്വീറ്റിയെ ധരംവീര്‍ 'വാങ്ങുകയായിരുന്നുവെന്നും' മൊഴിയില്‍ പറയുന്നതായും പൊലീസ് പറയുന്നു. റെയില്‍വേ സ്റ്റേഷനില്‍ ആക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി സ്വീറ്റിയെ മൂവരും ചേര്‍ന്ന് കൊലപ്പെടുത്തി എന്നതാണ് കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com