മൃതദേഹങ്ങള്‍ക്ക് അരികില്‍ മൂന്നുദിവസം; പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കുള്ള മറക്കാനാകാത്ത ട്രെയിന്‍ യാത്ര, വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുകള്‍

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം വാര്‍ഷികം ആഘോഷിക്കുമ്പോളും, വിഭജനത്തിന്റെ മുറിവുകള്‍ രാജ്യത്തെ ജനതയുടെ ഹൃദയങ്ങളില്‍ നിന്ന് പാടെയുണങ്ങിയിട്ടില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയാറാം വാര്‍ഷികം ആഘോഷിക്കുമ്പോളും, വിഭജനത്തിന്റെ മുറിവുകള്‍ രാജ്യത്തെ ജനതയുടെ ഹൃദയങ്ങളില്‍ നിന്ന് പാടെയുണങ്ങിയിട്ടില്ല. 1947ല്‍ രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍, ആയിരക്കണക്കിന് ആളുകളുടെ ജീനും ജീവിതയും നഷ്ടപ്പെട്ടു. നിരവധി പേരാണ് സ്വന്തം രാജ്യത്ത് അഭയാര്‍ത്ഥികളാകേണ്ടി വന്നത്. അതികഠിനമായിരുന്ന വിഭജനകാലം ഓര്‍ത്തെടുക്കുകയാണ് കരസേനയില്‍ നിന്ന് കേണലായി വിരമിച്ച പെഷവാരി ലാല്‍ ഭാട്ടിയ. 

പെഷവാറില്‍ നിന്ന് കുടുംബം ഇന്ത്യയിലേക്ക് വരുമ്പോള്‍ ഭാട്ടിയയ്ക്ക് പ്രായം ആറ് വയസ്സ്. മൂന്നു ദിവസം നീണ്ട ട്രെയിന്‍ യാത്രയില്‍ കൂട്ടുണ്ടായിരുന്നത് മൃതദേഹങ്ങളായിരുന്നു. കടന്നുവന്ന വഴികളില്ലെല്ലാം വര്‍ഗീയ കലാപങ്ങള്‍. ഇപ്പോള്‍, 2023ല്‍ നോയിഡയിലിരുന്ന് അക്കാലത്തെ കുറിച്ച് സംസാരിക്കുമ്പോഴും കേണലിന്റെ മനസ്സ് പിടയ്ക്കും. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയേഴാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ യുപി സര്‍ക്കാര്‍ നല്‍കിയ ആദരത്തില്‍ അദ്ദേഹം ഓര്‍മ്മകള്‍ പങ്കുവച്ചു.

'അമ്മയ്ക്കും സഹോദരങ്ങള്‍ക്കും മറ്റു ചില ബന്ധുക്കള്‍ക്കും ഒപ്പമാണ് പെഷവാറില്‍ നിന്ന് യാത്ര തിരിച്ചത്. കയ്യില്‍ എടുക്കാന്‍ കഴിയുന്ന സാധനങ്ങള്‍ മാത്രം എടുത്തായിരുന്നു യാത്ര. പെഷവാറില്‍ നിന്ന് അമൃത്സറിലേക്ക് മൂന്നു ദിവസമെടുത്താണ് ട്രെയിന്‍ എത്തിയത്. പാകിസ്ഥാന്റെ ചെക്ക് പോസ്റ്റുണ്ടായിരുന്ന മിയാവലിയിലും സിയാല്‍കോട്ടിലും ട്രെയിന്‍ നിര്‍ത്തി ഭക്ഷണം വിതരണം ചെയ്തു. 

ട്രെയിന്‍ പോകുന്ന വഴിയില്‍, വെടിവെപ്പുണ്ടായി. ട്രെയിനിന് ഉള്ളിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് വെടിയേറ്റു. ചില മൃതദേഹങ്ങള്‍ ട്രെയിനില്‍ നിന്ന് പുറത്തേക്ക് എറിയേണ്ടിവന്നു. അമൃത്സറില്‍ എത്തിയപ്പോള്‍ ജനസംഘത്തിന്റെ ദുരിതാശ്വാസ ക്യാമ്പുകള്‍ കണ്ടു. ഇവിടെ എട്ടു മണിക്കൂര്‍ വിശ്രമിച്ചു. അവര്‍ ഭക്ഷണവും വസ്ത്രങ്ങളും തന്നു. എവിടെയാണോ ട്രെയിന്‍ അവസാനമായി നിര്‍ത്തുന്നത്, അവിടെ ഇറങ്ങാം എന്നായിരുന്നു പാകിസ്ഥാനില്‍ നിന്ന് കയറിയ എല്ലാവരുടേയും തീരുമാനം.

കച്ചവടക്കാനായ അച്ഛന്‍ അന്ന് അഫ്ഗാനിസ്ഥാനിലായിരുന്നു. അതുകൊണ്ട് അച്ഛന് ഞങ്ങളോടൊപ്പം പുറപ്പെടാന്‍ സാധിച്ചില്ല. അമ്മയും മൂന്നു സഹോദരങ്ങളും മൂന്നു അമ്മാവന്‍മാരുമൊത്താണ് ഞാന്‍ യാത്ര തിരിച്ചത്. ഒന്നര വര്‍ഷം കഴിഞ്ഞാണ് പിതാവിന് ഞങ്ങളെ കണ്ടെത്തന്‍ സാധിച്ചത്. 

പാകിസ്ഥാനില്‍ നിന്നെത്തിയ ഞങ്ങളില്‍ ചിലര്‍ക്ക് നബയിലെ ചില ആളുകള്‍ താമസ സൗകര്യം ഒരുക്കി. ആ സമയത്ത് അകാലികളും ജനസംഘവും ഒരുപാട് സഹായിച്ചു. യുപിയില്‍ നിന്നും പഞ്ചാബില്‍ നിന്നും വന്ന മുസ്ലിമുകളും അഭയാര്‍ത്ഥികളായി ഉണ്ടായിരുന്നു. പാടങ്ങളില്‍ നിരവധി മൃതദേഹങ്ങള്‍ കൂട്ടിയിട്ടിരുന്നു. 

എന്നാല്‍ അഭയാര്‍ത്ഥികളായി എത്തിയവരെ ഉപദ്രവിക്കുന്ന നാട്ടുകാരും ഉണ്ടായിരുന്നു. ചിലര്‍ എപ്പോഴും അസഭ്യം വിളിച്ചിരുന്നു. ഞങ്ങള്‍ അഭയാര്‍ത്ഥികള്‍ ആണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ ഇതെല്ലാം ഞങ്ങള്‍ സഹിച്ചു, കാരണം ഞങ്ങള്‍ക്ക് മുന്നോട്ടു പോകണമായിരുന്നു...'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com