മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡില്‍ കേവലഭൂരിപക്ഷം കടന്ന് ബിജെപി കുതിപ്പ്

മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്
ജെ പി നഡ്ഡയ്ക്കൊപ്പം ശിവരാജ് സിങ് ചൗഹാൻ, ഫെയ്സ്ബുക്ക്
ജെ പി നഡ്ഡയ്ക്കൊപ്പം ശിവരാജ് സിങ് ചൗഹാൻ, ഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി:  നാലു നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലിന്റെ ആദ്യ ഒന്നരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ മധ്യപ്രദേശിലും രാജസ്ഥാനിലും ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇവിടെ ബിജെപി 133 ഇടത്താണ് ലീഡ് ചെയ്യുന്നത്. 

രാജസ്ഥാനില്‍ 199 നിയോജക മണ്ഡലങ്ങളാണ് ഉള്ളത്. നൂറ് സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപി 105 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ കമല്‍നാഥ് ഛിന്ദ് വാഡയില്‍ മുന്നിട്ടു നില്‍ക്കുമ്പോള്‍ ബിജെപിയുടെ ശിവ രാജ് സിങ് ചൗഹാന്‍ ബുധ്‌നിയിലും പ്രഹ്‌ളാദ് സിങ് പട്ടേല്‍ നര്‍സിങ്പൂരിലും കൈലാഷ് വിജയ് വര്‍ഗിയ ഇന്‍ഡോര്‍- ഒന്നിലും ലീഡ് ഉയര്‍ത്തുന്നു. അതേസമയം ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ദതിയയില്‍ പിന്നിലാണ്. 

2024 ലെ പൊതു തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കരുതുന്നതാണ് ഈ തെരഞ്ഞെടുപ്പ്.മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേക്കും തെലങ്കാനയില്‍ 119 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.  രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് അധികാരത്തുടര്‍ച്ച തേടുമ്പോള്‍ ബിജെപി ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. മധ്യപ്രദേശിലാകട്ടെ ബി ജെ പി അധികാരത്തുടര്‍ച്ച തേടുമ്പോള്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. തെലങ്കാനയിലാകട്ടെ ബിആര്‍എസിന്റെ ഭരണം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ അധികാരം നിലനിര്‍ത്തുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറയുന്നത്. വലിയ മുന്നേറ്റം തെലങ്കാനയില്‍ ഉണ്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.

തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് എക്സിറ്റ് പോളുകള്‍ മൂന്‍തൂക്കം നല്‍കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിക്കും മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ ഈ നാല് സംസ്ഥാനങ്ങളിലും പോരാട്ടം കടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com