രാജസ്ഥാനിലെ കനത്ത പരാജയം; മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അശോക് ഗെലോട്ട്

തെരഞ്ഞെടുപ്പ് ഫലത്തില്‍ തോല്‍വി സമ്മതിച്ച് 'ഞെട്ടിപ്പിക്കുന്നതെന്നാണ് നേരത്തെ ഗലോട്ട് പ്രതികരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബിജെപി മികച്ച വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അശോക് ഗെലോട്ട്. വോട്ടെണ്ണല്‍ ആരംഭിച്ച് 11 മണിക്കൂറിനുള്ളില്‍ ചിത്രം വ്യക്തമായതോടെ ഗെലോട്ട് ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ വസതിയിലെത്തി രാജി സമര്‍പ്പിച്ചു. ഭൂരിപക്ഷമായ 100 ഉം പിന്നിട്ട് രാജസ്ഥാനില്‍ 115 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്, സംസ്ഥാനത്ത് 70 സീറ്റ് ഉറപ്പിച്ച കോണ്‍ഗ്രസ് ഏറെ പിന്നിലാണ്.

തെരഞ്ഞെടുപ്പ് ഫലത്തില്‍ തോല്‍വി സമ്മതിച്ച് 'ഞെട്ടിപ്പിക്കുന്നതെന്നാണ് നേരത്തെ ഗെലോട്ട് പ്രതികരിച്ചത്. ''ഞങ്ങളുടെ നയങ്ങളും നിയമങ്ങളും ഭരണരീതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഞങ്ങള്‍ പൂര്‍ണമായി വിജയിച്ചില്ലെന്നാണ് ഇത് കാണിക്കുന്നത്,'' അദ്ദേഹം പറഞ്ഞു.

പുതിയ സര്‍ക്കാരിന് എല്ലാ ആശംസകളും നേരുന്നു, പുതിയ സര്‍ക്കാരിനോട് എനിക്ക് ഒരു ഉപദേശമുണ്ട്. ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടും വിജയിക്കാത്തതിനാല്‍ പുതിയ സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത് എന്നല്ല അര്‍ത്ഥമാക്കുന്നത്,' അദ്ദേഹം പറഞ്ഞു. പഴയ പെന്‍ഷന്‍ പദ്ധതി പോലെയുള്ള അതിന്റെ സംരംഭങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാന്‍ അടുത്ത സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നിലെ കാരണങ്ങള്‍ കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ഗെലോട്ട് പറഞ്ഞു. ''പുതുമുഖങ്ങളെ കൊണ്ടുവരണം, പുതുമുഖങ്ങള്‍ വരണം, എന്ന ചര്‍ച്ചകള്‍ ഉണ്ടായിരുന്നു.  എന്നാല്‍ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ഈ ആവശ്യം ഉണ്ടായില്ല, എന്നിട്ടും ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു, പുതുമുഖങ്ങളെ കൊണ്ടുവന്നാല്‍ നമ്മള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് പറയുന്നത് തെറ്റാണ്.'' ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

രാജസ്ഥനാനില്‍ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ചേരിപ്പോരാണ് കോണ്‍ഗ്രസിന്റെ പരാജയത്തിന് പിന്നിലെ പ്രധാന ഘടകമായി വിലയിരുത്തപ്പെടുന്നത്. 2020 ല്‍ സച്ചിന്‍ പൈലറ്റ് സംസ്ഥാന സര്‍ക്കാരിനെതിരെ നേരിട്ട് പോരിനിറങ്ങിയെങ്കിലും ഫലം കാണാനാകാതെ വഴിയില്‍ ഉപേക്ഷിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com