മരം കടപുഴകി ബൈക്കിന് മേല്‍ വീണു; പിന്‍യാത്രക്കാരന്‍ മരിച്ചു; മഴക്കെടുതിയില്‍ വലഞ്ഞ് ചെന്നൈ; നാളെയും അവധി

അടയാര്‍ സ്വദേശിയായ 37കാരന്‍ മനോഹരനാണ് മരിച്ചത്.
കനത്ത മഴയില്‍ കടപുഴകി റോഡില്‍ വീണ മരം/  മോഹന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്
കനത്ത മഴയില്‍ കടപുഴകി റോഡില്‍ വീണ മരം/ മോഹന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്

ചെന്നൈ:  കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാലു ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രി കൂടി തീവ്രമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. 

കനത്ത മഴയ്ക്കിടെ ചെന്നൈയില്‍ മരം കടം പുഴകി വീണ് ബൈക്കിലെ പിന്‍ യാത്രികന്‍ മരിച്ചു. അടയാര്‍ സ്വദേശിയായ 37കാരന്‍ മനോഹരനാണ് മരിച്ചത്. മഹാത്മഗാന്ധി റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചയാള്‍ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. മനോഹരന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. മഹാത്മാഗാന്ധി റോഡ് മുതല്‍ അടയാര്‍ എല്‍ബി റോഡ് വരെ മൂന്നടിയോളം ഉയരത്തില്‍ വെള്ളം കയറിയതിനാല്‍ വാഹനഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

നഗരത്തിലെ മറ്റ് പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈ പ്രദേശത്ത് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്യാന്‍ ജീവനക്കാരെ വിന്യസിച്ചതായും വെള്ളം വറ്റിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെയും പൊതു അവധി പ്രഖ്യാപിച്ചു. മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് എന്നീ നാല് ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളോട് അവരുടെ ജീവനക്കാരെ ചൊവ്വാഴ്ചയും വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

അതിനിടെ ചെന്നൈ നഗരത്തില്‍ മുതലയെ കണ്ടത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്ട് ഇന്നലെ രാത്രി നഗരത്തിലെ പെരുങ്ങലത്തൂര്‍ മേഖലയിലാണ് മുതലയെ കണ്ടത്. റോഡിലേക്കിറങ്ങിയ മുതലയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. കനത്തമഴയില്‍ ചെന്നൈ നെടുങ്കുട്രം നദി കരകവിഞ്ഞതോടെയാണ് മുതല നഗരത്തില്‍ എത്തിച്ചേര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

മുതലയെ കണ്ടതോടെ അധികൃതര്‍ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി. വെള്ളക്കെട്ടുകളില്‍ ഇറങ്ങുന്നത് അപകടമാണ് എന്ന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയത്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്, ആന്ധ്രപ്രദേശ് തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തമിഴ്നാട് തീരങ്ങളില്‍ മത്സ്യബന്ധനം പൂര്‍ണമായും വിലക്കിയിട്ടുണ്ട്. 

ഏതു സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അറിയിച്ചു. പുതുച്ചേരിയിലും അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരമേഖലയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു.

അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വടക്കന്‍ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.ട്രെയിന്‍ ഗതാഗതവും നിലച്ചു. 118 ട്രെയിനുകള്‍ സര്‍വീസുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന 35 സര്‍വീസുകളും റദ്ദാക്കിയതില്‍ ഉള്‍പ്പെടുന്നു. കനത്ത മഴയില്‍ സ്ബ് വേകളും അടിപ്പാലങ്ങളും മുങ്ങി. നിരവധി ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി. വഴിയോരങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. 

ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും. മുന്‍കരുതലായി ചെന്നൈ അടക്കമുള്ള 6 ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. അടിയന്തര സഹായത്തിനായി രക്ഷാദൗത്യ സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ചുഴലിക്കാറ്റ് നിലവില്‍ വടക്കന്‍ തമിഴ്‌നാട് ലക്ഷ്യമാക്കിയാണു നീങ്ങുന്നത്. നാളെ പുലര്‍ച്ചെയോടെ ആന്ധ്രപ്രദേശിലെ നെല്ലൂരിനും മച്ലിപട്ടണത്തിനും ഇടയില്‍ കര തൊടുമെന്നാണു നിലവിലെ നിഗമനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com