'ഞങ്ങള്‍ വോട്ടു ചെയ്തത് നിങ്ങള്‍ക്കു വേണ്ടിയാണ്'; ശിവരാജ് സിങ് ചൗഹാനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് വനിതകള്‍ ( വീഡിയോ) 

അപ്രതീക്ഷിതമായി മോഹന്‍ യാദവിനെ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു
ചൗഹാനെ കെട്ടിപ്പിടിച്ച് കരയുന്ന അനുയായികൾ/ എഎൻഐ
ചൗഹാനെ കെട്ടിപ്പിടിച്ച് കരയുന്ന അനുയായികൾ/ എഎൻഐ

ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവസാന നിമിഷം വരെയും ഉയര്‍ന്നു കേട്ടിരുന്ന പേരാണ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേത്. ബിജെപിക്ക് വന്‍ വിജയം നേടിക്കൊടുത്ത, ജനപ്രീതിയില്‍ വളരെ മുമ്പിലുള്ള ശിവരാജ് സിങ് ചൗഹാന് ഒരുവട്ടം കൂടി അവസരം നല്‍കിയേക്കുമെന്നായിരുന്നു അവസാന നിമിഷം വരെ അഭ്യൂഹങ്ങള്‍. എന്നാല്‍ അപ്രതീക്ഷിതമായി മോഹന്‍ യാദവിനെ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയായിരുന്നു. 

എന്നാല്‍ ശിവരാജ് സിങ് ചൗഹാനെ തഴഞ്ഞത് ഇപ്പോഴും അദ്ദേഹത്തിന്റെ അനുയായികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. ഭോപ്പാലില്‍ തന്നെ പിന്തുണയ്ക്കുന്ന വനിതാ അനുയായികളെ കണ്ടപ്പോള്‍ വികാരനിര്‍ഭര രംഗങ്ങളാണ് അരങ്ങേറിയത്. ചൗഹാനെ കെട്ടിപ്പിടിച്ച് വനിതകള്‍ പൊട്ടിക്കരഞ്ഞു. 

'നിങ്ങളാണ് ഞങ്ങള്‍ എല്ലാ സഹോദരിമാര്‍ക്കും പ്രിയപ്പെട്ടവന്‍. നിങ്ങള്‍ കഠിനമായി പരിശ്രമിച്ചു. ഞങ്ങള്‍ കഠിനമായി ജോലി ചെയ്തതും നിങ്ങള്‍ക്ക് വേണ്ടിയാണ്. ഞങ്ങള്‍ വോട്ടു ചെയ്തതും സഹോദരാ നിങ്ങള്‍ക്കു വേണ്ടിയാണ്.' വനിതാ അനുയായികള്‍ ശിവരാജ് സിങ് ചൗഹാനെ കെട്ടിപ്പിടിച്ച് കരഞ്ഞു. നിങ്ങളെ ഞങ്ങള്‍ എങ്ങോട്ടും വിടില്ലെന്നും അവര്‍ പറഞ്ഞു. 

താന്‍ എങ്ങോട്ടു പോകാനാണെന്ന് ശിവരാജ് സിങ് ചൗഹാന്‍ ചോദിച്ചു. 'എങ്ങോട്ടുമില്ല, നിങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും' കെട്ടിപ്പിടിച്ച് കരഞ്ഞ സ്ത്രീകളുടെ ശിരസ്സില്‍ തലോടിക്കൊണ്ട് ശിവരാജ് ചൗഹാന്‍ പറഞ്ഞു. 2005 ലാണ് ആദ്യമായി ശിവരാജ് സിങ് ചൗഹാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുന്നത്. തുടര്‍ന്ന് 2008 ലും 2013ലും ചൗഹാന്‍ മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നു. 

2020 ല്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ കേന്ദ്ര നേതാക്കളെ വരെ അമ്പരപ്പിച്ച വമ്പന്‍ വിജയമാണ് ബിജെപി മധ്യപ്രദേശില്‍ കരസ്ഥമാക്കിയത്. 230 അം നിയമസഭയില്‍ 163 ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com