പ്രതിഷേധക്കാര്‍ വന്നത് മൊബൈല്‍ ഫോണും തിരിച്ചറിയല്‍ രേഖയുമില്ലാതെ; ഒരു സംഘടനയുമായും ബന്ധമില്ലെന്ന് മൊഴി

ലോക്‌സഭയിലെ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു
പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയിൽ/ പിടിഐ
പാർലമെന്റിന് മുന്നിൽ പ്രതിഷേധിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയിൽ/ പിടിഐ

ന്യൂഡല്‍ഹി: പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചവര്‍ എത്തിയത് മൊബൈല്‍ ഫോണോ, തിരിച്ചറിയല്‍ രേഖകളോ ഒന്നും കയ്യില്‍ കരുതാതെ ആണെന്ന് ഡല്‍ഹി പൊലീസ്. ഇവരുടെ കൈവശം ബാഗും ഉണ്ടായിരുന്നില്ല. നീലം (42), അമോല്‍ ഷിന്‍ഡെ (25) എന്നിവരാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചതിന് പിടിയിലായത്.

സ്വന്തം ഇഷ്ടത്തിന് അനുസരിച്ചാണ് പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കാനെത്തിയതെന്നും, തങ്ങള്‍ക്ക് പിന്നില്‍ ഒരു സംഘടനയുമില്ലെന്നും, ആരുമായും ബന്ധമില്ലെന്നുമാണ് ഇവര്‍ െപാലീസിനോട് പറഞ്ഞിട്ടുള്ളത്. ഇക്കാര്യം നീലം മാധ്യമങ്ങളോടും ആവര്‍ത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്ന് ഡെല്‍ഹി പൊലീസ് അറിയിച്ചു. 

ലോക്‌സഭയിലെ പ്രതിഷേധം ഭീകരാക്രമണമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. 2001 ലെ പാര്‍ലമെന്റ് ആക്രണമത്തിന്റെ 22 -ാം വാര്‍ഷിക വേളയിലാണ് ലോക്‌സഭയെ ഞെട്ടിച്ച പ്രതിഷേധം അരങ്ങേറിയത്. എന്നാല്‍ പാര്‍ലമെന്റ് ആക്രമണവുമായി ഇന്നത്തെ പ്രതിഷേധത്തിന് ബന്ധമില്ലെന്നും പൊലീസ് സൂചിപ്പിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരം ആക്രമിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ഖലിസ്ഥാനി ഭീകരവാദി നേതാവ് ഗുര്‍പത് വന്ത് സിങ് പന്നൂന്‍ ഭീഷണി മുഴക്കിയിരുന്നു. 

ലോക്‌സഭയിലെ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷ എംപിമാര്‍ ആവശ്യപ്പെട്ടു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മതിയായ സുരക്ഷയില്ലെന്ന് വ്യക്തമായി. പാര്‍ലമെന്റിന് മതിയായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും, ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ആവശ്യപ്പെട്ടു. 

ലോക്‌സഭയിലുണ്ടായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിലേക്കുള്ള സന്ദര്‍ശനാനുമതി താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അടക്കമുള്ള മുതിര്‍ന്ന പൊലീസ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റിലെത്തി പരിശോധന നടത്തി. പ്രതിഷേധമുണ്ടായ സ്ഥലത്ത് ഫോറന്‍സിക് സംഘം അടക്കം പരിശോധന നടത്തുകയാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com