എഞ്ചിനീയര്‍ മുതല്‍ ഇ റിക്ഷ ഡ്രൈവര്‍ വരെ; ലോക്‌സഭയിലെ ആക്രമണത്തിലെ പ്രതികള്‍ ഇവരെല്ലാം

ഇവരെല്ലാം ഭഗത് സിങ് ഫാന്‍ ക്ലബ് എന്ന സമൂഹമാധ്യമ കൂട്ടായ്മയില്‍ അംഗങ്ങളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്
സാ​ഗർ, നീലം, മനോരഞ്ജൻ, അമോൽ/ എക്സ്
സാ​ഗർ, നീലം, മനോരഞ്ജൻ, അമോൽ/ എക്സ്

ന്യൂഡല്‍ഹി: പാര്‍ലമെന്റിനെ ഞെട്ടിച്ച പുക ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എഞ്ചിനീയര്‍ മുതല്‍ ഇ റിക്ഷ ഡ്രൈവര്‍ വരെ. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ളവരും, സമൂഹത്തിന്റെ പല തട്ടുകളില്‍പ്പെട്ടവരും പല തരത്തില്‍ വിദ്യാഭ്യാസമുള്ളവരുമാണ് ആക്രമണത്തിനായി ഒത്തു ചേര്‍ന്നത്. 

ആക്രമണത്തിന് പിന്നില്‍ യുവാക്കളാണെന്നും, 20 നും 30 നും ഇടയിലാണ് ഇവരുടെ ശരാശരി പ്രായമെന്നും പൊലീസ് അറിയിച്ചു. ലോക്‌സഭയിലെ സുരക്ഷാ വീഴ്ചയില്‍ സാഗര്‍ ശര്‍മ, മനോരഞ്ജന്‍ ഡി, നീലം ആസാദ്, അമോല്‍ ഷിന്‍ഡെ, വിക്കി ശര്‍മ, ലളിത് ഝാ എന്നിവരെയാണ് പൊലീസ് തിരിച്ചറിഞ്ഞത്. 

ഇവരെല്ലാം ഭഗത് സിങ് ഫാന്‍ ക്ലബ് എന്ന സമൂഹമാധ്യമ കൂട്ടായ്മയില്‍ അംഗങ്ങളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് വളപ്പിലെ പുകയാക്രമണത്തിനിടെ പിടിയിലായ നീലം ആസാദ്, അമോല്‍ ഷിന്‍ഡെ എന്നിവര്‍ ജോലിക്കായി നിരവധി തവണ ശ്രമിച്ച് പരാജയപ്പെട്ടവരാണ്. 

രാജ്യത്തെ തൊഴിലില്ലായ്മ, പണപ്പെരുപ്പം, മണിപ്പൂരിലെ അക്രമം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുന്നുവെന്ന് ഉറപ്പാക്കാനുമാണ് സുരക്ഷാ ലംഘനം ആസൂത്രണം ചെയ്തതെന്നാണ് പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

ലോക്‌സഭയിലെ സന്ദര്‍ശക ഗാലറിയില്‍ നിന്നും എംപിമാര്‍ക്കിടയിലേക്ക് ചാടിയ സാഗര്‍ ശര്‍മ എന്ന 27 കാരന്‍ ഇ റിക്ഷ ഡ്രൈവറാണ്. ഡല്‍ഹിയില്‍ ജനിച്ച ഇയാള്‍ ലഖ്‌നൗവിലാണ് താമസം. ഭഗത് സിങ്ങിന്റെയും ചെ ഗുവേരയുടേയും ക്വോട്ടുകളാണ് ഇയാളുടെ സമൂഹമാധ്യമ പേജുകളിലുള്ളത്. 

സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴേക്ക് ചാടിയ സാഗര്‍ ശര്‍മ, സ്പീക്കറുടെ ചേംബറിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചു. എംപിമാര്‍ പരിഭ്രാന്തരായിരിക്കെ, ഷൂസിനുള്ളില്‍ ഒളിപ്പിച്ച കാനിസ്റ്റര്‍ പുറത്തെടുത്ത് മഞ്ഞ പുക സ്േ്രപ ചെയ്തു. ഇയാളെ എംപിയാണ് പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. 

സംഘത്തിലെ എഞ്ചിനീയറാണ് മൈസൂരു സ്വദേശി മനോരഞ്ജന്‍. കംപ്യൂട്ടര്‍ എഞ്ചീനീയറിങ് പാസ്സായ മനോരഞ്ജന്‍ എന്ന 34 കാരനാണ് സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴേക്ക് ചാടിയ മറ്റൊരാള്‍.  ഇയാള്‍ പഠനശേഷം എവിടെയെങ്കിലും ജോലി ചെയ്തിരുന്നോ എന്നതില്‍ വ്യക്തതയില്ല. 

പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധത്തിന് അറസ്റ്റിലായ നീലം ആസാദ് എംഫില്‍ ബിരുദധാരിയാണ്. അധ്യാപക ജോലിക്കായുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റും ഈ 37 കാരി പാസ്സായിട്ടുണ്ട്. കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ നീലം സജീവമായി പങ്കെടുത്തിരുന്നു. 

മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ 25 കാരനാണ് കേസില്‍ അറസ്റ്റിലായ അമോല്‍ ഷിന്‍ഡെ. സൈനിക ജോലി വളരെയേറെ ആഗ്രഹിച്ചിരുന്നു. പൊലീസ്, സൈനിക റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 

കേസിലെ മുഖ്യ ആസൂത്രകനെന്ന് സംശയിക്കപ്പെടുന്ന ലളിത് ഝാ ബംഗാളില്‍ അധ്യാപകനാണ്. പ്രതികള്‍ക്ക് സഹായം ഒരുക്കി നല്‍കിയെന്ന് സംശയിക്കപ്പെടുന്ന വിക്കി ശര്‍മ ഡ്രൈവറാണ്. ഒരു എക്‌സ്‌പോര്‍ട്ട് കമ്പനിയുടെ വാഹനം ഓടിച്ചു വരികയായിരുന്നു. പാര്‍ലമെന്റ് പുക ആക്രമണവുമായി ബന്ധപ്പെട്ട് വിക്കി ശര്‍മയെയും ഭാര്യയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് സൂചന. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com