പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല സിഐഎസ്എഫിനെ ഏല്‍പ്പിക്കുന്നു

പാര്‍ലമെന്റ് സമുച്ചയവും അനുബന്ധ കെട്ടിടങ്ങളും സിഐഎസ്എഫിന്റെ സമഗ്രമായ സുരക്ഷാ കവചത്തിന് കീഴില്‍ കൊണ്ടുവരും
പാർലമെന്റ്/ പിടിഐ
പാർലമെന്റ്/ പിടിഐ


ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ സുരക്ഷാ ചുമതല അര്‍ധസൈനിക വിഭാഗമായ സിഐഎസ്എഫിനെ ഏല്‍പ്പിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി പാര്‍ലമെന്റ് കെട്ടിടത്തിന്റെ സര്‍വേ നടത്താന്‍ സിഐഎസ്എഫിന് കേന്ദ്ര ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കി. അടുത്തിടെ പാര്‍ലമെന്റിലുണ്ടായ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. 

സമഗ്രമായ രീതിയില്‍ സിഐഎസ്എഫ് സുരക്ഷയും ഫയര്‍ വിംഗും ഒരുക്കാനാണ് ആലോചന. സിഐഎസ്എഫിന്റെ ഗവണ്‍മെന്റ് ബില്‍ഡിംഗ് സെക്യൂരിറ്റി (ജിബിഎസ്) യൂണിറ്റ്, കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഫയര്‍ കോംബാറ്റ് ആന്‍ഡ് റെസ്പോണ്‍സ് ഓഫീസര്‍മാര്‍, നിലവിലെ പാര്‍ലമെന്റ് സെക്യൂരിറ്റി ടീമിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് ഈ ആഴ്ച അവസാനം മുതല്‍ സര്‍വേ ആരംഭിക്കും.

പുതിയതും പഴയതുമായ പാര്‍ലമെന്റ് സമുച്ചയവും അനുബന്ധ കെട്ടിടങ്ങളും സിഐഎസ്എഫിന്റെ സമഗ്രമായ സുരക്ഷാ കവചത്തിന് കീഴില്‍ കൊണ്ടുവരും, പാര്‍ലമെന്റ് സെക്യൂരിറ്റി സര്‍വീസ് (പിഎസ്എസ്), ഡല്‍ഹി പൊലീസ്, സിആര്‍പിഎഫിന്റെ പാര്‍ലമെന്റ് ഡ്യൂട്ടി ഗ്രൂപ്പ് (പിഡിജി) എന്നിവയുടെ നിലവിലുള്ള ഘടകങ്ങളും പുതിയ സംവിധാനത്തിന് കീഴിലായിരിക്കും. 

നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങള്‍ക്ക് സിഐഎസ്എഫ് സുരക്ഷ നല്‍കി വരുന്നുണ്ട്. കൂടാതെ ആണവ കേന്ദ്രങ്ങള്‍, എയര്‍പോര്‍ട്ടുകള്‍, ഡെല്‍ഹി മെട്രോ തുടങ്ങിയവയ്ക്കും സിഐഎസ്എഫ് സുരക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ ഡിസംബര്‍ 13 നാണ് രാജ്യത്തെ ഞെട്ടിച്ച് പാര്‍ലമെന്റില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com