രാമക്ഷേത്ര ഉദ്ഘാടനത്തിന് സോണിയക്കും ഖാര്‍ഗെയ്ക്കും ക്ഷണം; ദേവഗൗഡ, മന്‍മോഹന്‍സിങ്, ദലൈലാമ എന്നിവരും പട്ടികയില്‍

എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചേക്കില്ല
സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും/ ഫയൽ
സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും/ ഫയൽ

ന്യൂഡല്‍ഹി:  രാമക്ഷേത്ര ഉദ്ഘാടനത്തിന് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തുടങ്ങിയവര്‍ക്കും ക്ഷണം. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി, മുന്‍ പ്രധാനമന്ത്രിമാരായ ഡോ. മന്‍മോഹന്‍ സിങ്, എച്ച്ഡി ദേവഗൗഡ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

രാമക്ഷേത്ര ഭാരവാഹികളാണ് ഇവരെ ചടങ്ങിലേക്ക് ക്ഷണിച്ചത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിപക്ഷ നേതാക്കളെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍, പ്രമുഖ ദേശീയ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചേക്കും. 

അതേസമയം എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരെ ചടങ്ങിലേക്ക് ക്ഷണിച്ചേക്കില്ല. കാശി വിശ്വനാഥ്, വൈഷണവദേവി ക്ഷേത്രങ്ങളിലെ മുഖ്യപുരോഹിതന്മാര്‍, ആത്മീയ നേതാവ് ദലൈലാമ, നടന്മാരായ രജനീകാന്ത്, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍ സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്. 

വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, അനില്‍ അംബാനി, ഐഎസ്ആര്‍ഒ ഡയറക്ടര്‍ നിലേഷ് ദേശായി, പ്രമുഖ ചിത്രകാരന്‍ വസുദേവ് കാമത്ത് തുടങ്ങിയവരെയും ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനി, മുരളീ മനോഹര്‍ ജോഷി എന്നിവര്‍ പങ്കെടുത്തേക്കില്ലെന്ന് വാര്‍ത്തകളുണ്ട്. ഇരുവരേയും വിഎച്ച്പി ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 

അയോധ്യയില്‍ ജനുവരി 22 നാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ചടങ്ങിലെ മുഖ്യാതിഥി. ആറ് ശങ്കരാചാര്യ മഠങ്ങളിലെ പുരോഹിതരും 150ഓളം സന്യാസിമാരും ചടങ്ങില്‍ പങ്കെടുക്കും.  ജനുവരി 23 മുതല്‍ പൊതുജനങ്ങള്‍ക്ക് ദര്‍ശനത്തിനായി തുറന്നു കൊടുത്തേക്കും. അതേസമയം രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പങ്കെടുത്തേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com