കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 19 പേരെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം അടിയന്തര ധനസഹായം നല്‍കും. കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കുമെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ കക്ഷി രാഷ്ട്രീയം നോക്കില്ലെന്നും മമത പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കാഴ്ചവച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു എന്നാണ് നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍. എന്നാല്‍ മുഖ്യമന്ത്രി ഇത് നിഷേധിച്ചു. കൊല്ലപ്പെട്ടവരില്‍ കൂടുതലും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നാണെന്നും മമത കൂട്ടിച്ചേര്‍ത്തു.
'അക്രമികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കും. നിങ്ങള്‍ക്ക് എന്നെ തല്ലാം, പക്ഷേ ബംഗാളിനെ അപകീര്‍ത്തിപ്പെടുത്തരുത്. ബംഗാളിനെ വിഭജിക്കാന്‍ അനുവദിക്കില്ല'- മമത പറഞ്ഞു.
അക്രമികളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്. 71,000 ബൂത്തുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ 60 ബൂത്തുകളില്‍ താഴെയാണ് അതിക്രമങ്ങള്‍ നടന്നത്. അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ വസ്തുതാന്വേഷണ സമിതിയെ നിയോഗിച്ച ബിജെപിയെയും മമത രൂക്ഷമായി വിമര്‍ശിച്ചു. മണിപ്പൂരും അസമും കത്തിയപ്പോള്‍ ബിജെപിയുടെ വസ്തുതാന്വേഷണ സമിതി എവിടെയായിരുന്നു എന്ന് അവര്‍ ചോദിച്ചു. രണ്ടു വര്‍ഷത്തിനിടെ ബംഗാളില്‍ ബിജെപിയുടെ 154 ടീമുകളാണ് ബംഗാളില്‍ സന്ദര്‍ശനം നടത്തിയത്. ഇതൊന്നും വസ്തുതാന്വേഷണ സമിതികളല്ല, 'പ്രകോപന സമിതികളാണ്'- മമത പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ