സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഞായറാഴ്ച വരെ അവധി; മുഖ്യമന്ത്രിയുടെ ഓഫീസിലും വെള്ളം കയറി, ഡല്‍ഹിയില്‍ കുടിവെള്ള ക്ഷാമം

വെള്ളപ്പൊക്കം രൂക്ഷമായ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു
ചിത്രം:പിടിഐ
ചിത്രം:പിടിഐ


ന്യൂഡല്‍ഹി: വെള്ളപ്പൊക്കം രൂക്ഷമായ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളജുകള്‍ എന്നിവയ്ക്ക് ഞായറാഴ്ച വരെ അവധിയായിരിക്കുമെന്ന് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സേവനം ഉപയോഗിക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. 

ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേനയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. 'എല്ലാ സ്‌കൂളുകളും കോളജുകളും യൂണിവേഴ്‌സിറ്റികളും ഞായറാഴ്ച വരെ അവധി ആയിരിക്കും. വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും.'- കെജരിവാള്‍ പറഞ്ഞു. 

ഇന്റര്‍‌സ്റ്റേറ്റ് ബസ് ടെര്‍മിനലിലേക്ക് വരുന്ന ബസുകള്‍ സിംഘു ബോര്‍ഡറില്‍ നിര്‍ത്തും. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കീഴിലുള്ള ബസുകള്‍ അവിടെനിന്ന് ആളുകളെ ഡല്‍ഹിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തില്‍ ശുദ്ധജല ക്ഷാമം സംഭവിച്ചേക്കാമെന്നും കെജരിവാള്‍ മുന്നറിയിപ്പ് നല്‍കി. 25 ശതമാനം വെള്ളത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം, യമുന കരകവിഞ്ഞ് ഒഴുകിയതോടെ ഡല്‍ഹിയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വെള്ളം കയറി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റിലും വെള്ളം കയറി. 208.53 മീറ്റര്‍ ആണ് നിലവില്‍ യമുനയിലെ ജലനിരപ്പ്. 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് യമുന ഇത്തരത്തില്‍ കരകവിയുന്നത്. 

യമുനയിലേക്ക് മറ്റു ഡാമുകളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിന്റെ അളവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കെജരിവാള്‍ കത്തെഴുതി. ഇന്നു വൈകുന്നേരം വരെ ജലനിരപ്പ് വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് കെജരിവാള്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com