മണിപ്പൂരില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ; പ്രധാനമന്ത്രി മറുപടി നല്‍കണമെന്ന് പ്രതിപക്ഷം; പാര്‍ലമെന്റില്‍ ഇന്നും ബഹളം

മണിപ്പൂർവിഷയത്തിൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് ലോക്സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു
അമിത് ഷാ ലോക്സഭയിൽ സംസാരിക്കുന്നു/ എഎൻഐ
അമിത് ഷാ ലോക്സഭയിൽ സംസാരിക്കുന്നു/ എഎൻഐ

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക്‌സഭയിലാണ് അമിത് ഷാ ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ചര്‍ച്ചയ്ക്ക് പ്രതിപക്ഷം തയ്യാറാകണം. ചര്‍ച്ചയിലൂടെ കലാപവുമായി ബന്ധപ്പെട്ട മുഴുവന്‍ സത്യാവസ്ഥയും രാജ്യത്തെ ജനങ്ങള്‍ അറിയട്ടെയെന്നും അമിത് ഷാ പറഞ്ഞു. എന്നാല്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നു.

പുറത്തല്ല, രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഉള്ള പാര്‍ലമെന്റില്‍ വിശദീകരണം നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. 

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിലെ ഏതു സഭയിലും ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാതെ, ബഹളം ഉണ്ടാക്കി പ്രതിപക്ഷം ചര്‍ച്ചയില്‍ നിന്നും ഒളിച്ചോടുകയാണെന്നും പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചു. ചര്‍ച്ചയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും ആവര്‍ത്തിച്ചു. 

മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റിലെ ഏതു സഭയിലും ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മറുപടി പറയുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആരു മറുപടി പറയണമെന്ന് പ്രതിപക്ഷം തീരുമാനിക്കരുതെന്ന് സ്പീക്കര്‍ ഓം ബിര്‍ല അഭിപ്രായപ്പെട്ടു. 

എന്നാല്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും മുഴക്കി ബഹളം തുടര്‍ന്നു. പ്രധാനമന്ത്രി തന്നെ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബഹളം രൂക്ഷമായതോടെ രാജ്യസഭയും ലോക്‌സഭയും ഇന്നത്തേക്ക് പിരിഞ്ഞു. രാജ്യസഭയില്‍ പ്രതിഷേധിച്ച എഎപി എംപി സഞ്ജയ് സിങ്ങിനെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com