അമ്മയുടെ ദുരൂഹ മരണത്തില്‍ അച്ഛന്‍ ജയിലിലായി, പത്തുവര്‍ഷത്തിന് ശേഷം സൗജന്യ ഭക്ഷണ വിതരണത്തിനിടെ 13കാരന്‍ തിരിച്ചറിഞ്ഞു; പുനഃസമാഗമം, ഹൃദ്യം

ഝാര്‍ഖണ്ഡില്‍ സൗജന്യ ഭക്ഷണ വിതരണത്തിനിടെ, പത്തുവര്‍ഷത്തിന് ശേഷം അച്ഛനും 13 വയസുകാരനും കണ്ടുമുട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ സൗജന്യ ഭക്ഷണ വിതരണത്തിനിടെ, പത്തുവര്‍ഷത്തിന് ശേഷം അച്ഛനും 13 വയസുകാരനും കണ്ടുമുട്ടി. 2013ല്‍ ഭാര്യയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ടിങ്കു വര്‍മ്മ അറസ്റ്റിലായി. അന്ന് മൂന്ന് വയസ് മാത്രം ഉണ്ടായിരുന്ന ശിവത്തെ( ടിങ്കു വര്‍മ്മയുടെ മകന്‍) അധികൃതര്‍ അനാഥാലയത്തിന് കൈമാറി. പാവങ്ങള്‍ക്കായി ഈ അനാഥാലയം സൗജന്യ ഭക്ഷണ വിതരണം നടത്തുന്നതിനിടെ, അവിടെ എത്തിയ അച്ഛനെ ശിവം തിരിച്ചറിയുകയായിരുന്നു.

രാംഗഡ് ജില്ലയിലെ സൗജന്യ ഭക്ഷണ വിതരണ പരിപാടിയാണ് അച്ഛനും മകനും തമ്മിലുള്ള പുനഃസമാഗമത്തിന് വേദിയായത്. അനാഥാലയത്തിന് വേണ്ടി ഭക്ഷണം വിതരണം ചെയ്യാന്‍ എത്തിയതാണ് എട്ടാം ക്ലാസുകാരനായ ശിവം. ഡിവൈന്‍ ഓംകാര്‍ മിഷനാണ് പരിപാടി സംഘടിപ്പിച്ചത്. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ ക്യൂവില്‍ നിന്ന അച്ഛനെ ശിവം തിരിച്ചറിയുകയായിരുന്നു. താടിവെച്ച അച്ഛന്റെ മുഖം മനസിലുള്ള ശിവത്തിന് ക്യൂവില്‍ നില്‍ക്കുന്നയാളുമായി അച്ഛന് രൂപസാദൃശ്യമുള്ളതായി തോന്നി. തുടര്‍ന്ന് ഇരുവരും സംസാരിച്ചപ്പോള്‍ പരസ്പരം തിരിച്ചറിയുകയായിരുന്നു. ഇരുവരും കെട്ടിപ്പിടിച്ച് കരയുന്നത് സന്നദ്ധ സംഘടനയുടെ മാനേജറുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കഥ പുറത്തുവന്നത്.

2013ലാണ് ശിവത്തിന്റെ അമ്മ മരിച്ചത്. അന്ന് മൂന്ന് വയസായിരുന്നു ശിവത്തിന്. അമ്മയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടാണ് അച്ഛന്‍ ടിങ്കു വര്‍മ്മയെ അറസ്റ്റ് ചെയ്തത്. ഇതോടെ ഒറ്റയ്ക്കായ കുട്ടിയെ അധികൃതര്‍ സന്നദ്ധ സംഘടനയ്ക്ക് കൈമാറുകയായിരുന്നു. നിലവില്‍ സന്നദ്ധ സംഘടന നടത്തുന്ന സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ശിവം. സംഘടനയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ ഭക്ഷണ വിതരണ പരിപാടിയില്‍ ഭക്ഷണം വിളമ്പാന്‍ പോയതാണ് ശിവം.

ഇവിടെ വച്ചാണ് ഭക്ഷണം കഴിക്കാന്‍ എത്തിയ അച്ഛനെ മകന്‍ തിരിച്ചറിഞ്ഞത്. നിലവില്‍ ഓട്ടോറിക്ഷ ഓടിച്ചാണ് ടിങ്കു വര്‍മ്മ കഴിയുന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ അച്ഛനൊപ്പം മകനെ വിടുമെന്ന് ഡിവൈന്‍ ഓംകാര്‍ മിഷന്‍ അറിയിച്ചു.  ജീവിതത്തില്‍ വീണ്ടും അച്ഛനെ കണ്ടുമുട്ടാന്‍ കഴിയുമെന്ന് കരുതിയിരുന്നില്ലെന്ന് ശിവം പറയുന്നു. മകനെ പത്തുവര്‍ഷം സംരക്ഷിച്ച സന്നദ്ധ സംഘടനയോട് അച്ഛന്‍ ടിങ്കു വര്‍മ്മ നന്ദി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com