എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; കോളജിലേക്ക് എസ്എഫ്‌ഐ മാര്‍ച്ച്; സംഘര്‍ഷം

സംഭവത്തില്‍ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍ദേശം നല്‍കി
ശ്രദ്ധ- എസ്എഫ്‌ഐ മാര്‍ച്ച്‌
ശ്രദ്ധ- എസ്എഫ്‌ഐ മാര്‍ച്ച്‌

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ കോളജിലേക്ക് ഇരച്ചുകയറിയതോടെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കോളജിന് പുറത്ത് വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുകയാണ്.

രണ്ടാംവര്‍ഷ ഫുഡ് ടെക്‌നോളജി ബിരുദ വിദ്യാര്‍ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെയാണ് (20) വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കോളജ് ഹോസ്റ്റലിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന സഹപാഠികള്‍ ഭക്ഷണം കഴിക്കാനും വെള്ളമെടുക്കാനും പോയ സമയത്തായിരുന്നു സംഭവം. സഹപാഠികള്‍ തിരികെ എത്തിയപ്പോള്‍ മുറി ഉള്ളില്‍നിന്ന് പൂട്ടിയ നിലയിലായിരുന്നു. വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോളജിനെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പ്രതികരിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈല്‍ അധ്യാപകര്‍ പിടിച്ചെടുത്തതായി കുടുംബം ആരോപിച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ കോളജ് കവാടത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

സംഭവത്തില്‍ അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത വിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍ദേശം നല്‍കി. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com