'കാഴ്ചക്കാരായി മിണ്ടാതിരിക്കാന്‍ കഴിയില്ല'; കലാപം നിയന്ത്രിച്ചില്ലെങ്കില്‍ മുന്നണി വിടും, മണിപ്പൂരില്‍ ബിജെപിക്ക് എന്‍പിപിയുടെ മുന്നറിയിപ്പ് 

കലാപം രൂക്ഷമായ മണിപ്പൂരില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി സഖ്യകക്ഷിയായ എന്‍പിപി.
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഇംഫാല്‍: കലാപം രൂക്ഷമായ മണിപ്പൂരില്‍ എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്‍മാറുമെന്ന് ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി സഖ്യകക്ഷിയായ എന്‍പിപി. വരും ദിവസങ്ങളില്‍ മണിപ്പൂരിലെ സ്ഥിതിഗതികള്‍ നേരെയായില്ലെങ്കില്‍ ബിജെപിയുമായുള്ള സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതിനെ കുറിച്ച് ചിന്തിക്കുമെന്ന് മുന്‍ ഉപമുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ യുമനാം ജോയ്കുമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് നിശബ്ദ കാഴ്ചക്കാരായി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ കടമയാണ്. എന്നാല്‍ വ്യക്തമായപദ്ധതികള്‍ നടപ്പാക്കിയിട്ടില്ല- അദ്ദേഹം പറഞ്ഞു. 

അതേസമയം, വനം, വൈദ്യുതി വകുപ്പ് മന്ത്രി തോംഗാം ബിശ്വജിത് സിങിന്റ തോങ്ജു നിയമസഭ മണ്ഡലത്തിലെ ഓഫീസ് കലാപകാരികള്‍ അഗ്‌നിക്കിരയാക്കി. ബിജെപി സംസ്ഥാന അധ്യക്ഷ അധികാരിമയും ശാരദാ ദേവിയുടെ വീടിന് നേര്‍ക്കും ആക്രമണം നടന്നു.

വെള്ളിയാഴ്ച അര്‍ധരാത്രിയാണ് ബിജെപി സംസ്ഥാന അധ്യക്ഷയുടെ ഇംഫാലിലെ വീടിന് നേര്‍ക്ക് ആക്രമണം നടന്നത്. ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് ആകാശത്തേക്ക് വെടിവെച്ചു.

വെള്ളിയാഴ്ച അര്‍ധരാത്രി തന്നെ മന്ത്രിയുടെ ഓഫീസിനും ആള്‍ക്കൂട്ടം തീയിട്ടു. മുഖ്യമന്ത്രി ബിരേന്‍ സിങ് കഴിഞ്ഞാല്‍ മണിപ്പൂര്‍ മന്ത്രിസഭയിലെ രണ്ടാമനാണ് ബിശ്വജിത് സിങ്.

ബിഷ്ണുപുര്‍, ചുരചന്ദ്പുര്‍ ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോട്ട്. ഇവിടെ കലാപകാരികളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

ഇംഫാല്‍ വെസ്റ്റില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് ആയുധങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമം സേന പരാജയപ്പെടുത്തി. ആയിരത്തോളം വരുന്ന ആള്‍ക്കൂട്ടം ഇറിങ്ബാം പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു.

റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് അക്രമകാരികളെ തുരത്തിയത്. കലാപത്തില്‍ ഇതിനോടകം 120 പേര്‍ കൊല്ലപ്പെടുകയും 400നു മുകളില്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com