മമതയ്ക്ക് തിരിച്ചടി; പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കണം, ഹര്‍ജി തള്ളി സുപ്രീംകോടതി

ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്
മമത ബാനര്‍ജി, സുപ്രീംകോടതി
മമത ബാനര്‍ജി, സുപ്രീംകോടതി

ന്യൂഡല്‍ഹി: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ കേന്ദ്ര സേനയെ വിന്യസിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയ കൊല്‍ക്കത്ത ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിച്ചത്. 

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റ ദിവസം നടക്കുന്നതിനാല്‍, സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതായിരുന്നു ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനമെന്ന് ജസ്റ്റിസുമാരായ ബിസി നാഗരത്‌നവും മനോജ് മിശ്രയും അടങ്ങിയ സുപ്രീംകോടതി അവധിക്കാല ബെഞ്ച് വ്യക്തമാക്കി. 

നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ കേന്ദ്രസേനയുടെ വിന്യാസം ആവശ്യപ്പെടണം എന്നായിരുന്നു ജൂണ്‍ 15ന് കൊല്‍ക്കത്ത ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്. സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്രസേനയെ വിന്യസിക്കണം എന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുവേന്ദു അധികാരിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 

പ്രശ്‌ന ബാധിത മേഖലകളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ജൂണ്‍ പതിമൂന്നിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ കേന്ദ്രസേനയെ വിന്യസിക്കാന്‍ ആവശ്യപ്പെടണമെന്ന് ഹൈക്കോടതി ജൂണ്‍ 15ന് ഉത്തരവിട്ടത്.

നോമിനേഷന്‍ സമര്‍പ്പിക്കുന്ന ദിവസം അക്രമം നടന്ന എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ വിന്യസിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജൂലൈ എട്ടിനാണ് ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com