റോഡില്ല, പാമ്പു കടിയേറ്റ പിഞ്ചുകുഞ്ഞിനെ തോളിലിട്ട് അമ്മ നടന്നത് ആറുകിലോമീറ്റര്‍; ദാരുണാന്ത്യം 

മതിയായ റോഡിന്റെ അപര്യാപ്തത മൂലം 18 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: മതിയായ റോഡിന്റെ അപര്യാപ്തത മൂലം 18 മാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. പാമ്പ് കടിയേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതെ വന്നതാണ് മരണ കാരണം. റോഡിന്റെ അപര്യാപ്തത മൂലം കുഞ്ഞിനെ തോളിലിട്ട് ആറുകിലോമീറ്റര്‍ ദൂരമാണ് അമ്മ നടന്നത്. ആശുപത്രിയില്‍ എത്തിക്കാന്‍ വഴിയില്ലാത്തത് കാരണം വഴിമധ്യേ ആംബുലന്‍സ് ഇവരെ ഇറക്കിവിടുകയായിരുന്നു. തുടര്‍ന്ന് കിലോമീറ്ററുകളോളം നടന്ന് ആശുപത്രിയില്‍ എത്തിയെങ്കിലും ഇതിനോടകം തന്നെ കുഞ്ഞിന് മരണം സംഭവിച്ചിരുന്നു.

തമിഴ്‌നാട്ടിലെ വെല്ലൂരിലാണ് നാടിനെ നടുക്കിയ സംഭവം. 18 മാസം മാത്രം പ്രായമുള്ള ധനുഷ്‌കയാണ് മരിച്ചത്. മതിയായ റോഡ് സൗകര്യം ഇല്ലാതിരുന്നത് മൂലം ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിയാതിരുന്നതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ മലയുടെ അടിവാരത്ത് മിനി ആംബുലന്‍സ് സേവനം ലഭ്യമാണെന്നും അത് വീട്ടുകാര്‍ പ്രയോജനപ്പെടുത്തിയില്ലെന്നും വെല്ലൂര്‍ കലക്ടര്‍ ആരോപിച്ചു. സഹായം ചോദിച്ച് ആശാ വര്‍ക്കറെ വിളിച്ചിരുന്നുവെങ്കില്‍ പ്രാഥമിക ചികിത്സ ഉടന്‍ തന്നെ ലഭിക്കുമായിരുന്നു. എന്നാല്‍ ആശാ വര്‍ക്കറെ വിളിക്കുന്നതിന് പകരം ബൈക്കില്‍ ആശുപത്രിയിലേക്ക് പോകാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നുവെന്നും വെല്ലൂര്‍ കലക്ടര്‍ ആരോപിച്ചു.

പലസ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന 1500 ഓളം കുടുംബങ്ങള്‍ അവിടെ കഴിയുന്നുണ്ട്. പ്രദേശത്തെ ബന്ധിപ്പിച്ച് കൊണ്ട് റോഡ് സൗകര്യം ഒരുക്കുന്നതിനുള്ള ശ്രമം ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. വനംവകുപ്പില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ചികിത്സയ്ക്ക് വേണ്ടി കുഞ്ഞുമായി മാതാപിതാക്കള്‍ കിലോമീറ്ററുകളോളം നടക്കേണ്ടി വന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് തമിഴ്‌നാട് ബിജെപി ആരോപിച്ചു. ഈ സംഭവത്തില്‍ പൂര്‍ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും ബിജെപി കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com