ബിഹാറില്‍ 34 ശതമാനം കുടുംബങ്ങള്‍ക്കും പ്രതിമാസം 6000 രൂപയില്‍ താഴെ വരുമാനം; പട്ടികജാതിക്കാരില്‍ 6% ല്‍ താഴെ മാത്രം സ്‌കൂള്‍ വിദ്യാഭ്യാസം

പട്ടികജാതിക്കാരില്‍ ആറ് ശതമാനത്തില്‍ താഴെ മാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പട്‌ന: ബിഹാര്‍ സര്‍ക്കാരിന്റെ ജാതി അടിസ്ഥാനമാക്കിയുള്ള സര്‍വേ പ്രകാരം 34 ശതമാനം കുടുംബങ്ങള്‍ക്കു  പ്രതിമാസം 6,000 രൂപയില്‍ താഴെ വരുമാനം.  42 ശതമാനം പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങളും ദാരിദ്ര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണക്കുകള്‍ പ്രകാരം, പിന്നാക്കക്കാരും അതി പിന്നാക്കക്കാരുമായ 33 ശതമാനത്തിലധികം കുടുംബങ്ങളെയും ദരിദ്രരായി തരംതിരിച്ചിട്ടുണ്ട്. പട്ടികജാതിക്കാരില്‍ ആറ് ശതമാനത്തില്‍ താഴെ മാത്രമാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാര്‍ സര്‍ക്കാര്‍ യാദവ, മുസ്ലീം സമുദായങ്ങളുടെ ജനസംഖ്യ പെരുപ്പിച്ച് കാണിക്കുകയും അതുവഴി രാഷ്ട്രീയ പ്രീണനമാണ് ലക്ഷ്യമിടുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണങ്ങള്‍ക്കിടയിലാണ് രണ്ടാം ഘട്ട റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്തെ  34.13 ശതമാനം കുടുംബങ്ങള്‍ പ്രതിമാസം 6,000 രൂപ വരെ തുച്ഛമായ വരുമാനം നേടുന്നുവെന്നും 29.61 ശതമാനം പേര്‍ 10,000 രൂപയോ അതില്‍ താഴെയോ വരുമാനം നേടുന്നവരാണെന്നും അതില്‍ പറയുന്നു. ഏകദേശം 28 ശതമാനം പേര്‍ 10,000 രൂപയ്ക്കും 50,000 രൂപയ്ക്കും ഇടയിലുള്ള വരുമാനത്തില്‍ ജീവിക്കുന്നുവെന്നും പ്രതിമാസം 50,000 രൂപയില്‍ കൂടുതല്‍ വരുമാനം നേടുന്നത് നാല് ശതമാനത്തില്‍ താഴെ മാത്രമാണെന്നും അതില്‍ പറയുന്നു.  

13.1 കോടിയിലധികം വരുന്ന ജനസംഖ്യയുടെ 80 ശതമാനത്തിലധികം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമുദായങ്ങളില്‍ നിന്നും പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൊത്തത്തില്‍, പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 42.93 ശതമാനവും പട്ടികവര്‍ഗത്തില്‍ നിന്നുള്ള 42.70 ശതമാനവും ദാരിദ്ര്യ ബാധിതരുടെ പട്ടികയിലാണ്. പിന്നാക്ക വിഭാഗങ്ങളിലും അതി പിന്നാക്ക വിഭാഗങ്ങളിലും ഇത് 33.16 ശതമാനവും 33.58 ശതമാനവുമാണ്. മറ്റ് ജാതികളില്‍ 23.72 ശതമാനം കുടുംബങ്ങളും ദരിദ്രരാണ്. 

പൊതുവിഭാഗത്തിലുള്ള കുടുംബങ്ങളില്‍ 25.09 ശതമാനമാണ് ദരിദ്രരുടെ പട്ടികയിലുള്ളത്. ഇതിനുള്ളില്‍ 25.32 ശതമാനം ഭൂമിഹാറുകളും 25.3 ശതമാനം ബ്രാഹ്മണരും 24.89 ശതമാനം രജപുത്രരും ദരിദ്ര പട്ടികയിലുണ്ട്. ബിഹാറിലെ ജനസംഖ്യയുടെ 7.11 ശതമാനം ബ്രാഹ്മണരും രജപുത്രരുമാണ്. ഭൂമിഹാറുകള്‍ 2.86 ശതമാനമാണ്. പിന്നാക്ക വിഭാഗങ്ങളായ യാദവരില്‍ 35.87 ശതമാനവും 34.32 ശതമാനം കുശവാസും 29.9 ശതമാനം കുര്‍മികളും ദരിദ്രരാണ്. 

സംസ്ഥാനത്തെ മൊത്തം സാക്ഷരതാ നിരക്ക് 79.7 ശതമാനമാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 22.67 ശതമാനം പേര്‍ മാത്രമാണ് അഞ്ചാം ക്ലാസ് വരെ പഠിച്ചത്. പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരുടെ 24.31 ശതമാനവും അതി പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള 24.65 ശതമാനം പേരുമാണ് സാക്ഷരത നേടിയിട്ടുള്ളത്. പൊതുവിഭാഗത്തില്‍ ഇത് 17.45 ശതമാനം മാത്രമാണ്.


ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com