ഫ്രിഡ്ജില്‍ തൊടാന്‍ സമ്മതിക്കാത്തത് ക്രൂരതയല്ല, നിസ്സാര വഴക്കുകളുടെ പേരില്‍ കേസ് നിലനില്‍ക്കില്ല; റദ്ദാക്കി ഹൈക്കോടതി

കേസിന്റെ അന്വേഷണം നടത്തിയ രീതിയിലും ആരോപണ വിധേയരെ കൊടും കുറ്റവാളികളായി കണക്കാക്കിയതിനും കോടതി പൊലീസിനെ കുറ്റപ്പെടുത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: വളര്‍ത്തുപുത്രന്റെ വേര്‍പിരിഞ്ഞ ഭാര്യയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് പ്രായമായ അച്ഛനമ്മാര്‍ക്കെതിരെ
രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കി ബോംബെ ഹൈക്കോടതി. നിസാര വഴക്കുകള്‍ ക്രൂരതയല്ലെന്നും കോടതി പറഞ്ഞു. 

കേസിന്റെ അന്വേഷണം നടത്തിയ രീതിയിലും ആരോപണ വിധേയരെ കൊടും കുറ്റവാളികളായി കണക്കാക്കിയതിനും കോടതി പൊലീസിനെ കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ അനുജ പ്രഭുദേശായി, എന്‍ആര്‍ ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. ആരോപണവിധേയരുടെ ബാങ്ക് അക്കൗണ്ടുകളും എഫ്ഡികളും മരവിപ്പിച്ച് കൊടും കുറ്റവാളികളെപ്പോലെയാണ് പൊലീസ് കേസ് അന്വേഷണം നടത്തിയതെന്നും ഇത്തരം പ്രവര്‍ത്തികള്‍ ഏകപക്ഷീയമാണെന്നും കോടതി പറഞ്ഞു. 

ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം തന്നെ തകര്‍ത്തുകൊണ്ട് നിലനില്‍പ്പിനും ഉപജീവനത്തിനുമായി അവരുടെ ബന്ധുക്കളില്‍ നിന്ന് പണം കടം വാങ്ങാനും യാചിക്കാനും ഈ പ്രവൃത്തികള്‍ ഇടയാക്കി. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കരുതെന്ന് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പൊലീസ് അത് കണക്കിലെടുത്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

പരാതിക്കാരി ദമ്പതികളുടെ ദത്തുപുത്രനെ 2018ലാണ് വിവാഹം കഴിച്ചത്. അമ്മായിയമ്മയുടെ കൂടെ ഒരു മാസത്തെ താമസത്തിനിടയില്‍ അവര്‍ തന്നെ നിരന്തരം പരിഹസിക്കുകയും കളിയാക്കി ചിരിക്കുകയും ഫ്രിഡ്ജില്‍ തൊടാന്‍ അനുവദിച്ചില്ലെന്നും ഉപദ്രവിച്ചെന്നുമായിരുന്നു യുവതി പരാതി നല്‍കിയത്. പിന്നീട് ഭര്‍ത്താവിനൊപ്പം താമസിക്കാനായി ദുബായിലേക്ക് പോയെന്നും എന്നാല്‍ ഇയാളുടെ പീഡനത്തെ തുടര്‍ന്ന് ഇന്ത്യയിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയെന്നും പരാതിക്കാരി പറഞ്ഞു.

എന്നിരുന്നാലും, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 എ വകുപ്പ് പ്രകാരമുള്ള പീഡന കുറ്റം നിലനില്‍ക്കണമെങ്കില്‍ ഈ കാരണങ്ങള്‍ മതിയാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.  ചെറിയ വഴക്കുകള്‍ ക്രൂരതയോ പീഡനമോ ആയി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com