'വിവാഹം കഴിഞ്ഞു, സന്തോഷ ജീവിതം നയിക്കുന്നു': പെണ്‍കുട്ടിയുടെ മൊഴി, ബലാത്സംഗ കേസിലെ പ്രതിയുടെ ശിക്ഷ ഇളവ് ചെയ്ത് സുപ്രീംകോടതി

ഇരയായ പെണ്‍കുട്ടി വിവാഹിതയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെന്നും മൊഴി നല്‍കിയ സാഹചര്യത്തിലാണ് കോടതി ശിക്ഷയില്‍ ഇളവ് ചെയ്തുകൊണ്ട് വിധിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയുടെ ജീവപര്യന്തം ശിക്ഷയില്‍ ഇളവ് വരുത്തി സുപ്രീംകോടതി. ഇരയായ പെണ്‍കുട്ടി വിവാഹിതയാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമില്ലെന്നും മൊഴി നല്‍കിയ സാഹചര്യത്തിലാണ് കോടതി ശിക്ഷയില്‍ ഇളവ് ചെയ്തുകൊണ്ട് വിധിച്ചത്. ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, പി എസ് നരസിംഹ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. 

മുമ്പ് ഈ കേസിന്റെ ആദ്യഘട്ടത്തില്‍ മധ്യപ്രദേശിലെ ഖാണ്ഡ്വയിലെ വിചാരണക്കോടതി പ്രതിയെ വെറുതെ വിട്ടിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയും ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് റദ്ദാക്കുകയും പ്രതിയെ ജീവപര്യന്തം കഠിന തടവിന് ശിക്ഷിക്കുകയുമാണ് ചെയ്തത്. മധ്യപ്രദേശ് ഹൈക്കോടതി വിധിക്കെതിരെ പ്രതി സുപ്രീം കോടതിയെ സമീപിച്ചപ്പോഴാണ് കോടതിയുടെ വിധി.

ഏറ്റവും കുറഞ്ഞ ശിക്ഷ ഏഴു വര്‍ഷമാണെങ്കിലും, വിവേചനാധികാരം കോടതിയില്‍ നിക്ഷിപ്തമാണെന്നും ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ വിധിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു. പ്രതി ഇതിനകം അഞ്ച് വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി പ്രതിയും ഭാര്യയും അഭയം നല്‍കിയിരുന്നു. കുട്ടിയുടെ ദാരിദ്ര്യം മുതലെടുക്കുകയായിരുന്നുവെന്നാണ് ഹൈക്കോടതി വിധിയിലുണ്ടായിരുന്നത്.

1996 ഒക്ടോബര്‍ 22-ന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ പ്രതിയും ഭാര്യയും ചേര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്തുന്നതിന് 10,000 രൂപ വാഗ്ദാനം ചെയ്തപ്പോഴാണ് അവളുടെ മാതാപിതാക്കള്‍ കേസില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com