'കാത്തിരുന്നു മടുത്തു, അധ്യാപക നിയമനം എപ്പോള്‍ നടക്കും?'; യുവതിയോടു തട്ടിക്കയറി മന്ത്രി, വിഡിയോ വൈറല്‍

അച്ചടക്കമില്ലാതെ പെരുമാറിയാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കാൻ പോകുന്നില്ലെന്ന് മന്ത്രി യുവതിയോട് പറഞ്ഞു
മന്ത്രി യുവതിയെ ശാസിക്കുന്നു/ എക്സ്
മന്ത്രി യുവതിയെ ശാസിക്കുന്നു/ എക്സ്

പൂനെ : അധ്യാപക നിയമനത്തിലെ കാലതാമസത്തെക്കുറിച്ച് ചോദിച്ച യുവതിയെ ശാസിച്ച് മന്ത്രി. മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദീപക് കേസാര്‍ക്കറാണ് ചോദ്യമുന്നയിച്ച സ്ത്രീയെ ശാസിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

ബീഡ് നഗരത്തില്‍ സ്‌കൂള്‍ അധ്യാപക തസ്തികകളിലേക്കുള്ള ഉദ്യോഗാര്‍ത്ഥികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയാകാന്‍ ആഗ്രഹിക്കുന്ന യുവതി, റിക്രൂട്ട്‌മെന്റ് നടപടികളിലെ കാലതാമസത്തെ കുറിച്ച് മന്ത്രിയോട് ചോദിക്കുന്നതും കാത്തിരിപ്പ് മടുത്തെന്ന് പറയുന്നതും വീഡിയോയിലുണ്ട്. 

റിക്രൂട്ട്‌മെന്റ് സംബന്ധിച്ച് ഇതുവരെ സര്‍ക്കാര്‍ പരസ്യമൊന്നും നല്‍കിയിട്ടില്ലെന്നും യുവതി പറയുന്നു. പരസ്യം നല്‍കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി മറുപടി നല്‍കി. എപ്പോള്‍ പരസ്യം നല്‍കുമെന്ന് യുവതി തിരിച്ചു ചോദിച്ചു. 

ഇതോടെയാണ് മന്ത്രി ക്ഷുഭിതനായത്. ഇങ്ങനെ അച്ചടക്കമില്ലാതെ പെരുമാറിയാല്‍ സര്‍ക്കാര്‍ ജോലി ലഭിക്കാൻ പോകുന്നില്ലെന്ന് മന്ത്രി യുവതിയോട് പറഞ്ഞു. വീണ്ടും യുവതി സംസാരിക്കാന്‍ ശ്രമിച്ചപ്പോള്‍, നിങ്ങളുടെ പേര് അന്വേഷിച്ച് അയോഗ്യയാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

ചടങ്ങില്‍ യുവതി മര്യാദയില്ലാതെ പെരുമാറിയതുകൊണ്ടാണ് താന്‍ ശാസിച്ചതെന്ന് മന്ത്രി പിന്നീട് വിശദീകരിച്ചു. മന്ത്രിയുടെ പെരുമാറ്റത്തെ എന്‍സിപി നേതാവ് സുപ്രിയ സുലെ വിമര്‍ശിച്ചു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ മന്ത്രിമാരെ നിയന്ത്രിക്കണമെന്നും സുപ്രിയ ആവശ്യപ്പെട്ടു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com