ചൈനയിലെ അജ്ഞാത ന്യൂമോണിയ: പൂര്‍ണ സജ്ജരായിരിക്കണം; ആറു സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം

സീസണലായി ഉണ്ടാകുന്ന പനി പോലുള്ള അസുഖങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്
എഎഫ്പി ഫയൽ ചിത്രം
എഎഫ്പി ഫയൽ ചിത്രം

ന്യൂഡല്‍ഹി: ചൈനയില്‍ പടര്‍ന്നു പിടിക്കുന്ന അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. രാജസ്ഥാന്‍, കര്‍ണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, തമിഴ്‌നാട് എന്നീ ആറു സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 

ശ്വാസകോശ സംബന്ധമായ അസുഖവുമായി എത്തുന്ന രോഗികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍ ആശുപത്രികളും ആരോഗ്യപ്രവര്‍ത്തകരും പരിപൂര്‍ണ സജ്ജമായിരിക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു. സീസണലായി ഉണ്ടാകുന്ന പനി പോലുള്ള അസുഖങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. 

സീസണല്‍ ഇന്‍ഫ്‌ലുവന്‍സയുടെ പട്ടിക പ്രസിദ്ധീകരിച്ച ആരോഗ്യവകുപ്പ് ലക്ഷണങ്ങളും അപകടസാധ്യത ഘടകങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. അസുഖമുള്ളപ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈ കഴുകുക, മുഖം തൊടുന്നത് ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും, സീസണല്‍ രോഗങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് രാജസ്ഥാന്‍ ആരോഗ്യ വകുപ്പും നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചൈനയിലെ രോഗവ്യാപനം കണക്കിലെടുത്ത് കോവിഡ് സാഹചര്യത്തിലേതിന് സമാനമായി ആരോഗ്യപരിരക്ഷയ്ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേല്‍ പറഞ്ഞു. 

ചൈനയിലെ അജ്ഞാത ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ സര്‍വ സജ്ജമായിരിക്കാന്‍, സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികള്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.  സംസ്ഥാനത്ത് ഇതുവരെ കുട്ടികളില്‍ ന്യൂമോണിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും മുന്‍കരുതല്‍ നടപടിയായി ജാഗ്രത പാലിക്കണമെന്ന്  സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com